നടിയെ ആക്രമിച്ച കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായവരെ ശിക്ഷിച്ച വിധി ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ദിലീപിനെ വെറുതെവിട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരാളെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി. കോടതിക്ക് മുന്‍പാകെ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി തീരമാനമെടുക്കുന്നതെന്നും വി.ഡി.സതീശന്‍ പറ​ഞ്ഞു.

ഒരു സ്ത്രീക്കും സംഭവിക്കാൻ പാടില്ലാത്ത ഒരു ദുരന്തമാണ് അതിജീവതയ്ക്ക് ഉണ്ടായത്. അതിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. നമ്മൾ കുറെക്കൂടി സ്ത്രീ സുരക്ഷ കേരളത്തിൽ ഉറപ്പുവരുത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സർക്കാർ സ്വാഭാവികമായും വിധിയില്‍ അപ്പീൽ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്ന് തൃക്കാക്കര എംഎല്‍എ ആയിരുന്ന പി.ടി തോമസിന്‍റെ അതിശക്തമായ ഇടപെടലാണ് കേസിനെ ഇത്തരമൊരു പരിസമാപ്തിയിലേക്ക് എത്തിച്ചതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ കേസ് പോലും ഇല്ലാതായിപോകാനുള്ള സാധ്യതയുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ ഒരിക്കലും രക്ഷപ്പെടരുതെന്ന വാശി പി.ടി.തോമസിന് ഉണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. കേസ് വാദിച്ച് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ഗൂഢാലോചന ഭാഗം തെളിയിക്കാന്‍ കഴിയാതെ പോയത് കേസ് അന്വേഷിച്ച പൊലീസിന്‍റേയും കോടതിയില്‍ അവതരിപ്പിച്ച പ്രോസിക്യൂഷന്‍റേയും പരാജയമാണെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

ENGLISH SUMMARY:

Actress assault case verdict is reassuring according to VD Satheesan. The opposition leader expressed satisfaction that those directly involved in the crime were punished, while also noting that the court makes its decisions based on the evidence presented.