ഗൃഹസന്ദർശനത്തിനിടെ കഴിച്ച പാത്രം കഴുകി വച്ചതിന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയെയും, പുസ്തകങ്ങള്‍ വായിക്കുന്നയാളാണെന്ന് പറഞ്ഞതിന്‍റെ പേരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ട്രോളുന്നവര്‍ക്ക് മറുപടിയുമായി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എഡിറ്റർ രാധിക സി നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
'സഖാവ് എംഎ ബേബി ഗൃഹസന്ദർശത്തിന് ചെന്ന വീട്ടിൽ പാത്രം കഴുകുന്ന വീഡിയോ പങ്കു വച്ചു കൊണ്ട് അതിനെ കളിയാക്കിയും അവമതിച്ചും സിപിഎം എന്ന പാർട്ടിക്ക് ഉണ്ടായ ക്ഷീണത്തിൽ വിലപിച്ച് കളിയാക്കുന്നവരോട് ചിലത് പറയാനുണ്ടെന്ന് സൂചിപ്പിച്ചാണ് പോസ്റ്റ് ആരംഭിക്കുന്നത്. പോസ്റ്റിന്‍റെ അവസാനഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഒന്നാന്തരം പുസ്തക വായനക്കാരനാണെന്നും, അദ്ദേഹവും തൻ്റെ ഭർത്താവുമായി നടത്തിയ ദീർഘസംഭാഷണങ്ങളിൽ നിന്ന് അത് വ്യക്തമായതാണെന്നും, അതിനെ പരിഹസിക്കുന്നത് തെറ്റാണെന്നും രാധിക സി നായര്‍ പറയുന്നു.
അത് സഖാവ് വിടുപണി ചെയ്തതല്ല. എനിക്കനുഭവമുള്ള കാര്യമാണ്, രണ്ടു സന്ദർഭങ്ങളിൽ. ഒരിക്കൽ ഒരവാർഡു നിർണയനവുമായി ബന്ധപ്പെട്ട് സഖാവ് എൻ്റെ ഭർത്താവ് ഡോ പി കെ രാജശേഖരനോട് സംസാരിക്കാൻ വീട്ടിൽ വന്നിരുന്നു. അന്ന് വിജയദശമി ദിനമായതിനാൽ പൂജയായിട്ടൊന്നുമില്ലെങ്കിലും ശീലം കൊണ്ട് വീട്ടിൽ കട്ടിപ്പായസവും കടലചുണ്ടലുമുണ്ടാക്കി. അതു കഴിച്ച സഖാവ് എത്ര തടസ്സം നിന്നിട്ടും താൻ കഴിച്ച പാത്രം താൻ തന്നെ കഴുകി വയ്ക്കും എന്നുറപ്പിച്ച് ഞങ്ങളുടെ അടുക്കളയിൽ കയറി പാത്രം വിംബാർ ഉപയോഗിച്ച് തേയ്ച്ച് കഴുകി വെടിപ്പാക്കി വച്ചു. പിന്നൊരിക്കൽ നെയ്യാറ്റിൻ കരയിൽ എവിടെയോ മീറ്റിങ്ങിന് രണ്ടു പേരും കൂടി പോയപ്പോൾ ആയിടെ ഗുജറാത്ത് യാത്രയിൽ കഴിച്ച മധുര മനോഹര ബസുൻഡി എന്ന പാൽക്കുറുക്ക് ഞാൻ ഉണ്ടാക്കി വച്ചത് കഴിക്കാൻ മടക്കയാത്രയിൽ സഖാവിനെക്കൂടെ കൂട്ടിവരണേ എന്ന് ഞാൻ രാജശേഖരനോട് ഫോൺ വിളിച്ചു പറഞ്ഞു. സഖാവ് എത്തിയെന്നു മാത്രമല്ല കഴിക്കുകയും പാത്രം പതിവു പോലെ കഴുകി വയ്ക്കുകയും ചെയ്തു.
അദ്ദേഹം വീട്ടിലെത്തിയതറിഞ്ഞ് കാണാൻ എത്തിയ പ്രാദേശിക നേതാക്കൾക്കും ബേബി സഖാവിൻ്റെ രീതി പിന്തുടരേണ്ടി വന്നു. ഇപ്പോഴത്തെ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ സുരേഷ് ബാബു ആയിരുന്നു ഒരാൾ. കുറച്ച് ബസുൻഡി ഒരു പാത്രത്തിലാക്കി ബെറ്റിച്ചേച്ചിക്കായി കൊണ്ടും പോയി അദ്ദേഹം. സഖാവ് അടുക്കളയിൽ പാത്രം കഴുകുന്ന ഫോട്ടോ എടുത്തു വച്ചിട്ടില്ല. പകരം അദ്ദേഹം വീട്ടിൽ വന്നതിന് ചില ചിത്രങ്ങൾ തെളിവായി തരാം. വാസ്തവം ഇതാണ്. സ്വർണപ്പാത്രം കൊണ്ടു മൂടിവയ്ച്ചാലും സത്യം സത്യം തന്നെ.
പിന്നെ പാത്രം കഴുകൽ, മുറ്റമടിക്കൽ, തുണി നനയ്ക്കൽ തുടങ്ങിയവ പുരുഷന്മാർ ചെയ്യുന്നത് കാണുമ്പോൾ ചിലർക്ക് വല്ലായ്മ ഉണ്ടാകും. അതിനുള്ള മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് പറഞ്ഞപ്പോഴും ഇത്തരം കളിയാക്കലുകൾ കണ്ടിരുന്നു. പുസ്തകങ്ങൾ വായിക്കുന്ന ഒരാൾ പ്രസംഗത്തിൽ വായിച്ച പുസ്തകങ്ങളിൽ നിന്നുള്ള വരികൾ ക്വോട്ട് ചെയ്യുമായിരുന്നു, അത്സതീശൻ ചെയ്തു കണ്ടില്ല എന്നായിരുന്നു വാദം. ഒന്നാന്തരം വായനക്കാരനാണ് അദ്ദേഹം എന്ന വാസ്തവം അദ്ദേഹവും എൻ്റെ ഭർത്താവുമായി നടത്തിയ ദീർഘസംഭാഷണങ്ങളിൽ നിന്ന് വ്യക്തമായതാണ്. മഞ്ഞക്കാമല പിടിച്ച സമൂഹത്തിന് എത്ര മരുന്ന് കൊടുത്തിട്ടെന്തു ഫലം?'.– രാധിക സി നായല്‍ വിശദീകരിക്കുന്നു.