Chief minister pinarayi vijayan and opposition leader VD Satheesan. Thiruvananthapuram 2025 : Photo by : J Suresh
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമെന്ന് എന്‍ഡിടിവിയുടെ വോട്ട് വൈബ് സര്‍വേ. വി.ഡി.സതീശന്‍ അടുത്ത മുഖ്യമന്ത്രിയാകണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. വോട്ടുവിഹിതത്തില്‍ എല്‍ഡിഎഫിനെക്കാള്‍ മൂന്ന് ശതമാനം കൂടുതല്‍ യുഡിഎഫിന് ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു.തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും എന്‍ഡിടിവി ഇത്തരം സര്‍വേ പ്രസിദ്ധീകരിക്കാറുണ്ട്. ഡേറ്റ അനാലിസിസ് സ്ഥാപനമായ വോട്ടുവൈബുമായി ചേര്‍ന്നുള്ള സര്‍വേയാണിത്.
22.4 ശതമാനം പേരാണ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകണമെന്നതിനെ അനുകൂലിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്ന് 18 ശതമാനം പേരും കെ.െക.ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9 ശതമാനം പേരും അഭിപ്രായപ്പെട്ടു. രാജീവ് ചന്ദ്രശേഖരനെ 14.7 ശതമാനം പേര്‍ പിന്തുണച്ചപ്പോള്‍ ശശി തരൂരിന് 9.8 ശതമാനം പിന്തുണ ലഭിച്ചു.
തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടുചെയ്യുമെന്ന ചോദ്യത്തിന് 32.7ശതമാനം പേര്‍ യുഡിഎഫിന് വോട്ടു ചെയ്യുമെന്ന് പറഞ്ഞു. എല്‍ഡിഎഫിനെ 29.3 ശതമാനം പേരും എന്‍ഡിഎയെ 19.8 ശതമാനം പേരും അനുകൂലിച്ചു. സംസ്ഥാനത്തെ ഭരണം വളരെ മോശമാണെന്ന അഭിപ്രായക്കാരാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ 31 ശതമാനം ആളുകള്‍. മോശമാണെന്ന് 20.9 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ നല്ലതാണെന്ന് 10.7 ശതമാനം ആളുകള്‍ പറഞ്ഞു.