• 'ഗൂഢാലോചന തെളിയിക്കാനായില്ല'
  • നേരിട്ടുപങ്കുള്ള ഒന്നുമുതല്‍ ആറുവരെ പ്രതികള്‍ കുറ്റക്കാര്‍
  • അപ്പീല്‍ നല്‍കുമെന്ന് ബി.സന്ധ്യ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ ആദ്യആറുപ്രതികളും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട് എട്ടുവർഷവും എട്ടുമാസവും പിന്നിടുമ്പോഴാണ് നിർണായകമായ ഉത്തരവ് പുറത്തുവരുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കമുള്ള ആദ്യ ആറു പ്രതികളും കുറ്റക്കാർ. ക്രിമിനൽ ഗൂഢാലോചനയ്ക്കും പ്രേരണയ്ക്കും തെളിവില്ലാത്തതിനാൽ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടു. ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനിൽ, പതിനഞ്ചാം പ്രതി ശരത് എന്നിവരും കുറ്റവിമുക്തർ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിന്റെ ചുരുക്കം ഇതാണ്. 

ക്രിമിനൽ ഗൂഢാലോചന തെളിയിക്കാനാവാത്തതിനാൽ ദിലീപിനെതിരെ മറ്റു കുറ്റങ്ങൾ നിലനിൽക്കില്ല. ഒന്നാംപ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി മണികണ്ഠൻ, നാലാം പ്രതി വിജേഷ്, അഞ്ചാംപ്രതി വടിവാൾ സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും നിലനിൽക്കും. തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ദൃശ്യങ്ങൾ പകർത്തി ഐടി ആക്ട് ലംഘനം എന്നിവയാണ് ആദ്യ ആറ് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ. വെറുതേ വിട്ട ഏഴാം പ്രതി ചാർളി തോമസിനെതിരെ പ്രതികളെ കോയമ്പത്തൂരിൽ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന കുറ്റമാണ് ചുമത്തിയിരുന്നത്. ജയിലിൽ വെച്ച് പൾസർ സുനിയെ ദിലീപിന്റെ ആളുകളുമായി ബന്ധപ്പെടാൻ സഹായിച്ചതിന് മേസ്തിരി സനിലിനെതിരെയും, തെളിവ് നശിപ്പിച്ചതിന് ദിലീപിന്റെ സുഹൃത്ത് ശരത്തിനെതിരെയും തെളിവില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷയിൻമേൽ കോടതി വെള്ളിയാഴ്ച വാദം കേൾക്കും. ഇവരുടെ ജാമ്യം റദ്ദാക്കിയ കോടതി റിമാൻഡ് ചെയ്തു.

അതേസമയം, കേസില്‍ അപ്പീല്‍ പോകുമെന്നും അന്തിമ വിധി വരെ പോരാട്ടം തുടരുമെന്നും ബി.സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു. 

2017 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന നടിയെ അങ്കമാലി അത്താണിക്കു സമീപം കാര്‍ തടഞ്ഞു അക്രമിക്കുകയും വിഡിയോ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്‍റണി, ബി. മണികണ്ഠന്‍, വി.പി വിജേഷ്, എച്ച് സലീം എന്ന വടിവാള്‍ സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന്‍ ദിലീപ്, സനില്‍കുമാര്‍ എന്ന മേസ്ത്രി സനില്‍‌, ശരത് ജി നായര്‍ എന്നിവരാണ് കേസില്‍ പ്രതികള്‍. ദിലീപടക്കം കേസിലെ പത്ത് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകും. വിധി പറയുന്നതിന്‍റെ ഭാഗമായി കോടതിയില്‍ പൊലീസ്  സുരക്ഷ ശക്തമാക്കും. കോടതി പരിസരത്തേക്ക് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രവേശനം നിയന്ത്രിക്കും. 2018ൽ ആരംഭിച്ച വിചാരണ നടപടികൾ കഴിഞ്ഞമാസം 25നാണ് പൂർത്തിയായത്. 

2020 ജനുവരി 6നാണ് ഒന്നാം പ്രതി പൾസർ സുനി, എട്ടാം പ്രതി നടൻ ദിലീപ് അടക്കമുള്ള 10 പ്രതികൾക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തുന്നത്. കൃത്യം നടന്ന് ഏകദേശം മൂന്നുവർഷം പിന്നിടുമ്പോൾ ജനുവരി 30 ന് സാക്ഷി വിസ്താരം ആരംഭിച്ചു. അടച്ചിട്ട കോടതിമുറിയിൽ ആയിരുന്നു വിചാരണ നടപടികൾ. 261 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതിന് മാത്രം 438 ദിവസമെടുത്തു. ചലച്ചിത്ര താരങ്ങളായ ഭാമ, സിദ്ദിഖ്, ഇടവേള ബാബു, ബിന്ദു പണിക്കർ തുടങ്ങി 28 സാക്ഷികൾ വിചാരണക്കിടെ മൊഴിമാറ്റി. 

11 മാസത്തെ ഇടവേളയ്‌ക്കുശേഷം 2022 നവംബറിൽ വിചാരണ പുനരാരംഭിച്ചു. ഇതിനിടെ വിചാരണ കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ച് രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവച്ചിരുന്നു. അതിജീവിതയുടെ അപേക്ഷ പരിഗണിച്ച് അഡ്വ.വി. അജകുമാറാണ് മൂന്നാമത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റത്. 

സാക്ഷിവിസ്താരം അനന്തമായി നീണ്ടതോടെ വിചാരണ കോടതിയുടെ അപേക്ഷ പരിഗണിച്ച് സുപ്രീംകോടതി പല തവണ കാലാവധി നീട്ടി നൽകി. ക്രോസ് വിസ്താരത്തിന് ഏറ്റവും സമയം എടുത്തത് ദിലീപിന്‍റെ അഭിഭാഷകരായിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 110 ദിവസത്തോളമാണ് വിസ്തരിച്ചത്. ഇതിൽ 87 ദിവസവും എടുത്തത് ദിലീപിന്‍റെ അഭിഭാഷകനാണ്.

കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് പ്രതിയായിരുന്നില്ല. ആറുമാസത്തിന് ശേഷം അനുബന്ധ കുറ്റപത്രം നല്‍കിയാണ് ദിലീപിനെ എട്ടാം പ്രതിയാക്കുന്നത്. കേസിലെ പ്രതികള്‍ ബ്ലാക്ക്മെയില്‍ ചെയ്യുന്നുവെന്ന ദിലീപിന്‍റെ പരാതി തന്നെ അന്വേഷണത്തിന്‍റെ ഗതിമാറ്റി. ദിലീപിന്‍റെതായിരുന്നു ക്വട്ടേഷന്‍ എന്ന് വ്യക്തമാക്കുന്ന കത്ത് ഒന്നാം പ്രതി പള്‍സര്‍ സുനി സഹതടവുകാരനെ കൊണ്ട് എഴുതിച്ചിരുന്നു. പിന്നാലെ ദിലീപിന് ജയിലില്‍ നിന്ന് ഒന്നരകോടി ആവശ്യപ്പെട്ട് സുനിയുടെ സഹതടവുകാരന്‍ വിഷ്ണു സനലിന്‍റെ ഫോണ്‍. ഇതോടെ ദിലീപിന്‍റെ പരാതി ഡിജിപിക്ക് മുന്നിലെത്തി. പരാതിയെത്തി രണ്ടു മാസത്തിന് ശേഷം ജൂണ്‍ 28 നാണ് ദിലീപും സുഹൃത്തായ നാദിര്‍ഷവും ചോദ്യമുനയിലായത്. ജൂലൈ 10 തിന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തിന് ശേഷമാണ് ജയില്‍ മോചിതനായത്. 

കേസിലെ ഒന്നാം പ്രതി പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപും സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നത് 2022 ജനുവരി ആദ്യം. ദിലീപിനെതിരെ അന്വേഷണം നടത്തിയ 5 പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നെന്നും  സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ഇതിന് പിന്നാലെ വിചാരണ നിര്‍ത്തിവെച്ച് കേസില്‍ തുടരന്വേഷണം നടത്തി. ​തുടരന്വേഷണം പൂർത്തിയായപ്പോള്‍ അന്വേഷണസംഘം കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെയും പ്രതിചേർത്തു.

ENGLISH SUMMARY:

In a highly anticipated verdict, the court acquitted eighth accused Dileep of conspiracy charges in the 2017 actress assault case, citing lack of evidence. However, the court found the first six accused, including prime accused Pulsar Suni, guilty of serious charges like gang rape and conspiracy. The judgment follows a complex trial that began in 2018, witnessing 261 witness testimonies and the resignation of two Special Public Prosecutors. The case's trajectory dramatically changed from a blackmail complaint by Dileep to his arrest, influenced by subsequent disclosures by director Balachandrakumar. This landmark ruling concludes years of judicial proceedings in one of the most controversial cases in Malayalam cinema history.