MIAMI, FLORIDA - MARCH 09: U.S. President Donald Trump boards Air Force One at Miami International Airport on March 09, 2026 in Miami, Florida. Trump was returning to Washington after meeting with House Republicans at his Doral resort to hash out the party's economic and foreign policy message ahead of the midterm elections. Roberto Schmidt/Getty Images/AFP (Photo by ROBERTO SCHMIDT / GETTY IMAGES NORTH AMERICA / Getty Images via AFP)

ഇസ്രയേല്‍‌–ഇറാന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമ്പൂര്‍ണവിജയത്തിലേക്ക് കാര്യങ്ങള്‍ എത്താറായെന്നും ട്രംപ് പറഞ്ഞു. അതേസമയം, എന്ന് യുദ്ധം അവസാനിക്കുമെന്ന്  ട്രംപ് വ്യക്തമാക്കിയതുമില്ല. ഇറാന്‍ ഏതെങ്കിലും തരത്തിലുള്ള സാഹസം കാണിക്കാന്‍ മുതിര്‍ന്നാല്‍ രാജ്യം തന്നെ തുടച്ച് നീക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇതൊരു താല്‍കാലിക സൈനിക നടപടിയായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. 

'യുദ്ധം വൈകാതെ അവസാനിക്കും, അതല്ല, വീണ്ടും തുടരാനാണ് അവരുടെ നീക്കമെങ്കില്‍ കഠിനമായിരിക്കും കാര്യങ്ങള്‍. ചില ആളുകളെ ഒഴിവാക്കാന്‍ അടിയന്തരമായി ഇടക്കാല സൈനിക നടപടി സ്വീകരിക്കേണ്ടി വന്നു' വെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ട്രംപിന്‍റെ വിശദീകരണം.  'ആക്രമിക്കാന്‍ സാധിക്കുന്നതെല്ലാം ഇറാന്‍ ആക്രമിച്ചിട്ടുണ്ട്. കൂടുതല്‍ ശ്രമിക്കാതിരിക്കുന്നതാകും നല്ലത്. അല്ലെങ്കില്‍ ഇറാന്‍റെ അവസാനമാകും' എന്നായിരുന്നു സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപിന്‍റെ മുന്നറിയിപ്പ്.  ഇറാന്‍ എന്ന പേരുപോലും ഉച്ചരിക്കാന്‍ പിന്നീടൊന്നും ബാക്കിയുണ്ടാവില്ലെന്നും ഇറാനിപ്പോള്‍ നേവിയോ, ആശയ വിനിമയ സംവിധാനങ്ങളോ വ്യോമസേനയോ ഇല്ലെന്നും ട്രംപ് അവകാശപ്പെട്ടു. യുദ്ധം അമേരിക്കയും സഖ്യ കക്ഷികളും ജയിച്ചു കഴിഞ്ഞുവെങ്കിലും നിലവിലുള്ള അപകടത്തെ തുടച്ച് നീക്കിയാല്‍ മാത്രമേ സമ്പൂര്‍ണ വിജയമാകുകയുള്ളൂവെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയും ഇസ്രയേലുമല്ല ഇറാെന ആക്രമിച്ചതെന്ന അതിവിചിത്രമായ പ്രസ്താവനയും ട്രംപ് നടത്തി. ഇറാന്‍ ആണ് ആക്രമിച്ചതെന്നും തങ്ങള്‍ തിരിച്ചടിക്കുകയായിരുന്നുവെന്നുമാണ് പുതിയ വാദം. 'ഞങ്ങള്‍ ഇറാനെ ആക്രമിച്ചില്ലായിരുന്നുവെങ്കില്‍ നിശ്ചയമായും ഇറാന്‍ ആക്രമിച്ചേനെ. ഒരാഴ്ചയ്ക്കകം അവര്‍ ആക്രമിക്കുമെന്നത് 100 ശതമാനം ഉറപ്പായിരുന്നു. അവരുടെ കൈവശമുള്ള മിസൈലുകള്‍ അതിന് തെളിവായിരുന്നു. അവര്‍ ആക്രമിക്കുമെന്ന് ആരും വിചാരിക്കുകയുമില്ല. ഇറാന്‍റെ പക്കല്‍ ആണവായുധം ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ അത് ഇസ്രയേലിന് നേരെ ഉപയോഗിച്ചേനെ. അതെല്ലാം ഈ ആക്രമണത്തിലൂടെ ഞങ്ങള്‍ തകര്‍ത്തു. അവരുടെ 80 ശതമാനം ലോഞ്ചറുകളും നശിപ്പിച്ചു. നാമമാത്രമായ ലോഞ്ചറുകള്‍ മാത്രമാണ് ഇറാന് ഇനി ശേഷിക്കുന്നത്. അമേരിക്കന്‍ സൈന്യം ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു'- ട്രംപ് വിശദീകരിച്ചു. 

അതേസമയം, ഹോര്‍മുസിലെ പ്രതിസന്ധി പരിഹരിക്കുമെന്നും യുഎസ് സംരക്ഷണയിലെ കപ്പലുകള്‍ ആക്രമിച്ചാല്‍ തിരിച്ചടി വലുതാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രംപിന്‍റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ടെഹ്റാനിലും കരാഗിലും മണിക്കൂറുകളോളം വ്യോമാക്രമണം ഉണ്ടായി. ഇറാന്റെ ഡ്രോണുകള്‍ തകര്‍ത്തെന്ന് തുര്‍ക്കി, യുഎഇ, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ അറിയിച്ചു. ബഹ്റൈനിലെ മനാമയില്‍ ജനവാസമേഖലയില്‍ നടന്ന ഇറാന്റെ ആക്രമണത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കുര്‍ദിഷ് മേഖലയിലെ യുഎഇ കോണ്‍സുലേറ്റിലും ആക്രമണം നടന്നു. സൈനിക നിരീക്ഷണത്തിനായി യുഎഇയിലേക്ക് വിമാനം അയക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് അറിയിച്ചു. സ്ഥിതി വിലയിരുത്താന്‍ സൗദി പ്രതിരോധമന്ത്രി ഫ്രഞ്ച് മന്ത്രിയുമായി സംസാരിച്ചു. 

ENGLISH SUMMARY:

In a press conference on March 10, 2026, US President Donald Trump announced that the conflict with Iran is nearing a 'total victory.' Claiming that 80% of Iran's missile launchers and its primary military infrastructure have been destroyed, Trump warned that any further aggression would result in Iran's complete elimination. While Israel intensifies airstrikes on Tehran and Karaj, regional allies including Turkey, UAE, and Qatar report intercepting Iranian drones. A casualty was reported in Bahrain's Manama following an Iranian strike