വാൽപ്പാറയിൽ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരനെ പുലി കടിച്ചു കൊന്നു. അസം സ്വദേശി റജബുൽ അലിയുടെ മകൻ സൈബുൾ ആണ് കൊല്ലപ്പെട്ടത്. അയ്യർപ്പാടി എസ്റ്റേറ്റിൽ ജെ ഇ ബംഗ്ലാവ് ഡിവിഷനിൽ വൈകീട്ട് 7 മണിയോടെയായിരുന്നു ആക്രമണം.
തേയില തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന പുലി കുട്ടിയെ കടിച്ചു കൊണ്ടുപോവുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ തേയില തോട്ടത്തിൽ നിന്ന് കുട്ടിയെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ ജാഗ്രത പാലിക്കാൻ വനം വകുപ്പ് നാട്ടുകാർക്ക് നിർദേശം നൽകി. ഏഴു മാസത്തിനിടെ വാൽപാറയിൽ പുലിയാക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ കുട്ടിയാണ് സൈബുൾ.