കൊച്ചി രൂപതയുടെ മുപ്പത്തിയാറാമത് മെത്രാനായി ഡോ.ആന്റണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി. ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തെ സാന്തക്രൂസ് സ്ക്വയറിൽ നടന്ന ചടങ്ങിൽ ഗോവ ആർച്ച് ബിഷപ് കർദിനാൾ ഫിലിപ് നേരി ഫെറാവോ മുഖ്യകാർമികനായി.
മെത്രാസന മന്ദിരത്തിൽ നിന്ന് 51 ഇടവകകളിലെ വിശ്വാസികളും മുന്നൂറോളം വൈദികരും അണിനിരന്ന പ്രദക്ഷിണത്തോടെ ചടങ്ങുകൾക്ക് തുടക്കം. സാന്തക്രൂസ് സ്ക്വയറിൽ നാൽപതോളം മെത്രാന്മാർകൂടി ചേർന്ന സഭാസമൂഹത്തിന് മുന്നില്‍ സ്ഥാനാരോഹണം. സ്ഥാനാരോഹണത്തിനുള്ള ലിയോ പതിനാലാമന്‍ പാപ്പായുടെ അപ്പസ്തോലിക അംഗീകാരപത്രം സഭാസമൂഹത്തിന് മുൻപാകെ വായിച്ചു. ഗോവ ആർച്ച് ബിഷപ് കർദിനാൾ ഫിലിപ് നേരി ഫെറാവോ മുഖ്യകാർമികനായപ്പോൾ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, കൊച്ചി രൂപത മുൻ ബിഷപ് ഡോ.ജോസഫ് കരിയിൽ എന്നിവർ സഹകാർമികരായി.
തലശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി വചന സന്ദേശം നൽകി. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോ പോൾ ദോ ജിറേല്ലിയടക്കംെ വിവിധ ക്രൈസ്തവസഭാധ്യക്ഷന്‍മാരും വൈദികരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.