ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അമീറുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും, 2019 വരെ ജമാഅത്തെ ഇസ്‌ലാമിയെ കൂടെ നിർത്തിയത് സിപിഎമ്മാണെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ജമാഅത്തെ ഇസ്‌ലാമിയുമായി യുഡിഎഫ് കൂട്ടുകൂടുന്നുവെന്നും, തങ്ങള്‍ക്ക് ഒരുകാലത്തും അവരുമായി ബന്ധമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'1977 മുതലാണ് ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കന്‍ സ്റ്റാന്‍ഡെടുത്തത്. അന്ന് അവര്‍ സിപിഎമ്മിനാണ് പിന്തുണ നല്‍കിയത്. 2019 വരെയുള്ള പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്ലാമി സിപിഎമ്മിന്‍റെ ഒപ്പമായിരുന്നു. 1996 ഏപ്രില്‍ 22ന് പുറത്തുവന്ന ദേശാഭിമാനിയുടെ എഡിറ്റോറിയലാണ് എന്‍റെ കൈയ്യിലുള്ളത്. ജമാഅത്തെ ഇസ്ലാമിയുടെ കേരളഘടകം വരുന്ന നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അതില്‍ വ്യക്തമായി പറയുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ മത നിരപേക്ഷ ജനാധിപത്യ ശക്തികളുടെ രാഷ്ട്രീയ അടിത്തറ വര്‍ധിപ്പിക്കുമെന്നും അതില്‍ പറയുന്നു. അന്നത്തെ അമീറുമായി പിണറായി നേരിട്ട് സംസാരിക്കുന്ന ഫോട്ടോയാണിത്.
ജമാഅത്തെ ഇസ്ലാമിയുമായി നടന്നത് രഹസ്യ ചര്‍ച്ചയല്ലെന്ന് പിണറായി പറയുന്ന വാര്‍ത്തയുടെ കോപ്പിയാണിത്. ഞങ്ങള്‍ക്കിടയിലെ അകല്‍ച്ച മാറിയെന്നും ഒരുമിച്ചാണ് ഇപ്പോഴെന്നും അതില്‍ പിണറായി പറയുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ എല്‍ഡിഎഫിന് എന്ന ദേശാഭിമാനി പത്ര വാര്‍ത്തയാണിത്. എന്നിട്ടാണ് അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്ന് കള്ളം പറയുന്നത്.'– സതീശന്‍ വ്യക്തമാക്കുന്നു.