അട്ടപ്പാടി പുതൂരില്‍ കടുവ സെന്‍സെസിന് പോയ വനപാലകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുത്തൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ അസിസ്റ്റന്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ നെല്ലിപ്പതി സ്വദേശി കാളിമുത്തു (48) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് അട്ടപ്പാടി പുതൂര്‍ ഭാഗത്തേക്ക് കാളിമുത്ത് അടക്കമുള്ള അഞ്ചാംഗ സംഘം കടുവ സെന്‍സെസിന് പോയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ മുള്ളി ഭാഗത്ത് വച്ച് സംഘം കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. അഞ്ചു പേരും ചിതറിയോടിയെങ്കിലും കാട്ടാന കാളിമുത്തുവിന് പിന്നാലെ കുതിച്ചെത്തുകയും ചവിട്ടി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് വിവരം.
ആര്‍ആര്‍ടിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് നടത്തിയ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നതത്. മൃതദേഹം കോട്ടത്തറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാട്ടാനയുടെ ആക്രമണത്തില്‍ കാളിമുത്തുവിന് ഗുരുതരമായി ചവിട്ടേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. കാട്ടാന ഓടിക്കുന്നതിനിടെ ഒരാള്‍ക്ക് വീണ് പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
രണ്ടു ദിവസം മുന്‍പ് പുതൂരില്‍ നിന്നും പോയ സംഘം കാട്ടിൽ വഴിതെറ്റി പോവുകയും രാത്രി പൂർണമായി കാട്ടിൽ കുടുങ്ങുകയും ചെയ്തിരുന്നു.