ഭാവിയിൽ അപകടം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിച്ച് ആലപ്പുഴ ദേശീയ പാത നിർമാണത്തിന് ഉപയോഗിക്കുന്നത് ചെളിമണ്ണ്. ആലപ്പുഴയിലെ കലവൂർ, വളവനാട് , ചേർത്തല, എസ്.എൽ പുരം ഭാഗങ്ങളിലാണ് റോഡ് നിർമാണത്തിന് ചെളി ഉപയോഗിക്കുന്നത്. രാത്രി നേരത്താണ് മണ്ണിനു പകരം ചെളി ദേശീയപാത നിർമാണത്തിനായി എത്തിക്കുന്നത്. നിർമാണ സാമഗ്രികളുടെ ഗുണമേൻമ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരില്ലെന്നും ആക്ഷേപമുണ്ട്. മഴ ശക്തമാകുമ്പോൾ റോഡ് താഴ്ന്ന് തകരാനും വാഹനങ്ങൾ ഓടുമ്പോൾ സമ്മർദ്ദം കാരണം പാർശ്വ ഭിത്തികൾ തകരാനും സാധ്യതയുണ്ട്. ചെളിമണ്ണിനുമുകളിൽ ഗ്രാവൽ ഇട്ടാണ് ഈ പ്രദേശത്ത് റോഡ് നിർമിക്കുന്നത്.
മൂന്നാഴ്ചയോളമായി വേമ്പനാട്ടുകായലില്‍ നിന്നുള്ള െചളിമണ്ണും കടല്‍മണ്ണും കൊണ്ടുവന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കൊട്ടിയത്തും കൂരിയാടും സംഭവിച്ചത് പോലെ ഇവിടെയും സംഭവിക്കുമെന്ന ആശങ്ക നാട്ടുകാര്‍ പങ്കുവയ്ക്കുന്നു. അടിയന്തരമായി നടപടിയുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പാടത്ത് വരമ്പ് കെട്ടാനുപയോഗിക്കുന്ന മണ്ണ് ദേശീയപാതയ്ക്ക് ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.