കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറെ തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവും എം.എൽ.എയുമായ സച്ചിൻ ദേവിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മേയറുടെ സഹോദരൻ മാത്രമാണ് പ്രതി. 2024 ഏപ്രിൽ 27-ന് രാത്രി തിരുവനന്തപുരത്തെ പാളയത്തുവെച്ചായിരുന്നു മേയറും എം.എൽ.എയും ചേർന്ന് കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞ സംഭവം. ഈ കേസിന്റെ കുറ്റപത്രം രണ്ടാഴ്ച മുമ്പ് നൽകിയിരുന്നുവെങ്കിലും, ഇപ്പോഴാണ് വിവരങ്ങൾ പുറത്തുവന്നത്.
നിയമോപദേശം തേടിയ ശേഷമാണ് മേയറെയും എം.എൽ.എയെയും ഒഴിവാക്കിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഡ്രൈവർ യദു, മേയറുടെ വാഹനത്തിന് നേരെ അശ്ലീല ആംഗ്യം കാണിച്ചത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും, ഒരു കുറ്റത്തെ പ്രതിരോധിക്കുന്നത് മറ്റൊരു കുറ്റമായി കണക്കാക്കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്നും പൊലീസ് പറയുന്നു. മേയറുടെ സഹോദരന്റെ ഇടപെടൽ അനാവശ്യമായിരുന്നു എന്ന് വിലയിരുത്തിയാണ് അദ്ദേഹത്തെ മാത്രം പ്രതിചേർത്തത്.
മേയറേയും എം.എൽ.എയെയും ഒഴിവാക്കിയ പൊലീസിന്റെ നടപടിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഡ്രൈവർ യദുവിന്റെ തീരുമാനം. "മേയറെയും എം.എൽ.എയെയും പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സ്വകാര്യ അന്യായം നൽകും," എന്ന് യദു മനോരമ ന്യൂസിനോട് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ യദുവിനെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ, കോടതി നിർദ്ദേശത്തെത്തുടർന്നാണ് മേയർ, എം.എൽ.എ. ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് പൊലീസിന്റെ ഈ നടപടി പുതിയ രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി തുറന്നേക്കാം.