യുവതിക്കെതിരായ ലൈംഗികാതിക്രമ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി. യുവതിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ, കൂടുതൽ ഫോട്ടോസ്, ഹാഷ് ടാഗ് വാല്യൂ സർട്ടിഫിക്കേറ്റ്, ശബ്ദ സന്ദേശം തുടങ്ങിയ നിർണായകമായ തെളിവുകൾ പെൻ ഡ്രൈവിലാക്കി മുദ്രവച്ച കവറിലാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിക്ക് കൈമാറിയത്. 

യുവതി പൊലീസിന് നൽകിയ തെളിവുകളും വിവരങ്ങളും പൂർണമായും വസ്തുതയല്ലെന്ന് വരുത്തുകയാണ് ലക്ഷ്യം. വിവാഹിതയെന്ന വിവരം മറച്ച് വച്ച് സൗഹൃദം കൂടി. പിന്നീട് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെട്ടു. ഗർഭഛിദ്രത്തിന് നിർബന്ധിച്ചിട്ടില്ല. ഇതിനുള്ള മരുന്ന് തന്റെ സുഹൃത്ത് യുവതിക്ക് കൈമാറിയിട്ടില്ല തുടങ്ങിയ വാദങ്ങളാണ് രാഹുലിന്‍റേത്. യുവതിയുടെ വാദം പൂർണമായും ശരിയല്ലെന്ന് തെളിയിക്കാനുള്ള രേഖകളാണ് ശനിയാഴ്ച രാഹുലിന്‍റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചത്. യുവതിയുമായുള്ള വാട്സ് ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശവും ഇതിന്‍റെ തെളിവെന്നാണ് വിവരം. വിവാഹത്തിന് പിന്നാലെ നാല് ദിവസം കൊണ്ട് ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന വാദവും കളവെന്ന് സ്ഥാപിക്കാനാണ് രാഹുലിന്‍റെ ശ്രമം. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും രാഹുലിന്‍റെ അഭിഭാഷകൻ അനുബന്ധ തെളിവുകൾ കൈമാറിയത്.

ശനിയാഴ്ച സമർപ്പിച്ചതിന്‍റെ അനുബന്ധ തെളിവുകളാണ് ഇന്ന് സമര്‍പ്പിച്ചത്.  മറ്റന്നാൾ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ ഇവ നിർണായകമാകുമെന്ന് രാഹുലിന്‍റെ അഭിഭാഷകൻ പറഞ്ഞു. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്ന ഘട്ടത്തിലും രാഹുല്‍ ശബ്ദരേഖകളും വാട്സപ് ചാറ്റുകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഗര്‍ഭഛിദ്രം നടത്തിയത് യുവതിയുടെ ഇഷ്ടപ്രകാരമാണെന്ന് തെളിയിക്കുന്ന രേഖകള്‍  ഇതിലുണ്ടെന്നാണ് രാഹുലിന്‍റെ അഭിഭാഷകന്‍ അവകാശപ്പെട്ടത്. 

ഗര്‍ഭഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും യുവതി ഗര്‍ഭിണിയാണെങ്കില്‍ അതിന്‍റെ ബാധ്യത ഭര്‍ത്താവിനാണെന്നും രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു. യുവതിയെ പരിചയപ്പെട്ടത് ഫെയ്സ്ബുക്കിലൂടെയാണ്. അവരുമായി ദീര്‍ഘകാലത്തെ സൗഹൃദമാണ് തനിക്ക് ഉള്ളത്. ഈ വ്യാജ പരാതി സിപിഎം– ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ്. പരാതിക്കാരിയുമായുള്ളത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്നാണുമാണ് രാഹുലിന്‍റെ വാദം. ഗർഭഛിദ്രം നടത്തി എന്ന കുറ്റം നിലനിൽക്കില്ല. പരാതിക്കാരി സ്വയം ഗുളികകൾ കഴിക്കുകയായിരുന്നു. താനുമായുള്ള എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണ്. റെക്കോഡ് ചെയ്ത ചാറ്റുകള്‍ അടക്കമുള്ള തെളിവുകള്‍ പിന്നീട് മാധ്യമങ്ങൾക്ക് കൈമാറുകയാണുണ്ടായത്. പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനം തനിക്കെതിരെ പരാതി നൽകാൻ നിർബന്ധിച്ചിട്ടുണ്ട്. പരാതിക്കാരി തന്നെയാണ് ഇക്കാര്യം തന്നെ അറിയിച്ചിട്ടുള്ളതെന്നും രാഹുല്‍ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലുണ്ട്. 

Also Read: രാഹുല്‍ മുങ്ങിയത് നടിയുടെ ചുവന്ന പോളോ കാറില്‍; അന്ന് ഉദ്ഘാടനത്തിനെത്തിയ അതേ കാറോ?

അതേസമയം, ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലിനായി വ്യാപക തിരച്ചിൽ തുടരുകയാണ് പൊലീസ്. പാലക്കാട്ടും തമിഴ്നാട്ടിലും കർണാടകയിലും തിരച്ചിൽ.  ഇന്നലെ പുലർച്ചെ പാലക്കാട് എത്തിയ സംഘം രാഹുലിന്‍റെ ഫ്ലാറ്റ് കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ്. കണ്ണാടിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിൽക്കെയാണ് രാഹുൽ ഒളിവിൽ പോയത്. സിസിടിവി ക്യാമറകളിൽ പതിയാതെയായിരുന്നു രാഹുലിന്‍റെ നീക്കം. കണ്ണാടിയിൽ നിന്ന് ഫ്ലാറ്റിലെത്തി പിന്നീട് ചുവന്ന കാറിൽ ജില്ല വിട്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഈ കാർ ഒരു ചലച്ചിത്ര താരത്തിന്‍റേതണെന്ന നിഗമനത്തിൽ അതു കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. 

ENGLISH SUMMARY:

MLA Rahul Mamkootathil has submitted crucial new evidence, including WhatsApp chats, photos, voice messages, and a hashtag value certificate, in a sealed pen drive to the Thiruvananthapuram District Sessions Court in connection with the sexual assault case filed against him by a young woman.