കോവിഡ് കാലത്ത് ആരംഭിച്ച വീഡിയോ കോൺഫറൻസിങ് കോടതി നടപടികളിൽ വനിതാ അഭിഭാഷകരുടെ സാന്നിധ്യം വർധിപ്പിച്ചെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സമൂഹത്തിലും മനുഷ്യരുടെ ജീവിതത്തിലും സമാധാനവും സന്തോഷവും കൊണ്ടുവരിക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. കേസുകൾ വൈകുന്നതിന്റെ കാരണം ജഡ്ജിമാർ മാത്രമല്ലെന്നും മനോരമ ഹോർത്തൂസ് വേദിയിൽ ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.
കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും, സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ഋഷികേഷ് റോയിയുമായുള്ള സംഭാഷണത്തിലാണ് അനുഭവങ്ങളും നിരീക്ഷണങ്ങളും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പങ്കുവെച്ചത്. കോവിഡ് കാലഘട്ടം ജുഡീഷ്യറിയിൽ നിർണായക മാറ്റം കൊണ്ടുവന്നിരുന്നുവെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. കോവിഡ് കാലത്ത് വീഡിയോ കോൺഫറൻസിങ് വഴി ഇന്ത്യയിലെ കോടതികൾ കേട്ടത്ര കേസുകൾ മറ്റൊരു രാജ്യത്തെ കോടതികളും കേട്ടിട്ടുണ്ടാകില്ല. എന്നാൽ, വീഡിയോ കോൺഫറൻസിങ് കൊണ്ടുവന്ന ഏറ്റവും വലിയ സാമൂഹിക മാറ്റം വനിതാ അഭിഭാഷകരുടെ പങ്കാളിത്തമാണെന്ന് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി
നിയമവും നീതിയും എന്നത് മനുഷ്യരുടെ ജീവിതകഥകളെ കൈകാര്യം ചെയ്യലാണ്. ഒരാൾ എന്തിനാണ് കുറ്റവാളിയായത് എന്ന് ജഡ്ജി മനസിലാക്കണം. എല്ലാ കേസുകൾക്കും സന്തോഷകരമായ അവസാനം ഉണ്ടാകണമെന്നില്ല. എങ്കിലും സമൂഹത്തിലും മനുഷ്യരുടെ ജീവിതത്തിലും സമാധാനവും സന്തോഷവും കൊണ്ടുവരിക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. കേസുകൾ വൈകുന്നതിന്റെ കാരണം ജഡ്ജിമാർ മാത്രമല്ല. സമൻസ് നൽകുന്ന പൊലീസ് സംവിധാനം മുതൽ ജുഡീഷ്യറിയുടെ ബജറ്റ് തീരുമാനിക്കുന്ന സർക്കാരും, വെറുതെ കേസുകൾ മാറ്റിവെപ്പിക്കുന്ന അഭിഭാഷകരും കൂടിയാണ് ഇതിന് കാരണമെന്നും മനോരമ ഹോർത്തുസ് വേദിയിൽ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.