വയനാട് ചൂരൽമല ഉരുൾ ദുരന്തത്തിന് ഇരയായ തോട്ടം തൊഴിലാളികളുടെ ക്ഷേമനിധി ധനസഹായം പകുതിയായി വെട്ടിക്കുറച്ചതിൽ പ്രതിഷേധം. ക്ഷേമനിധി ബോർഡ് തീരുമാനം അട്ടിമറിച്ച് തുക അമ്പതിനായിരം ആയി കുറച്ച സർക്കാർ നടപടിക്ക് എതിരെ പ്രതിഷേധിക്കുമെന്ന് ഐഎൻടിയുസി വ്യക്തമാക്കി.
ഉരുൾ ദുരന്തത്തിൽ 20 തോട്ടം തൊഴിലാളികൾ മരിക്കുകയും 21 പേരെ കാണാതാവുകയും ചെയ്തു. ഈ 41 പേരുടെ ആശ്രിതർക്കും ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകാമെന്നാണ് തൊഴിലാളി ക്ഷേമനിധി ബോർഡ് യോഗം നേരത്തെ തീരുമാനിച്ചത്. എന്നാൽ തൊഴിലാളി സംഘടനകൾ ഉൾപ്പെട്ട യോഗത്തിൽ എടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടു. തുക അമ്പതിനായിരം ആയി വെട്ടിക്കുറച്ച് ഇപ്പോൾ സർക്കാർ തിടുക്കത്തിൽ ഉത്തരവ് ഇറക്കിയതാണ് വിവാദമായത്.
തിരഞ്ഞെടുപ്പ് സമയത്ത് ഇറക്കിയ ഈ ഉത്തരവ് നിയമവിരുദ്ധമാണ്. സിഐടിയു അടക്കമുള്ള ഇടത് യൂണിയനുകൾ മറുപടി പറയണമെന്നാണ് ഐഎൻടിയുസിയുടെ ആവശ്യം. ഉരുൾ അതിജീവിതരുടെ ഗുണഭോക്തൃ പട്ടിക പോലും ഇതുവരെ പൂർണമായി പുറത്ത് വിടാൻ കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുണ്ട്.