കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍  സി.ജെ റോയിയുടെ ആത്മഹത്യയില്‍ വിശദീകരണവുമായി ആദായനികുതിവകുപ്പ്. പരിശോധനയും നടപടികളും നിയമപരമാണ്. ഏത് അന്വേഷണമായും സഹകരിക്കും. വ്യാഴാഴ്ചയാണ് സി.ജെ റോയിയുടെ മൊഴി രേഖപ്പെടുത്തിയത്. സമ്മർദങ്ങളുണ്ടായിട്ടില്ലെന്ന് റോയ് എഴുതി നൽകിയിരുന്നു. ഇന്നലെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ല. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ്  മൊഴി രേഖപ്പെടുത്തിയത് എന്നും ആദായനികുതി വകുപ്പ് വിശദീകരിക്കുന്നു

അതേസമയം സി.ജെ.റോയിയുടെ മരണത്തില്‍ കുടുംബാംഗങ്ങളുടെ മൊഴി കര്‍ണാടക പൊലീസിലെ  ക്രിമിനല്‍  ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ്   രേഖപ്പെടുത്തി. ബെംഗളൂരു ഹലസുരുവിലെ ഹോട്ടലിലാണ് മൊഴി രേഖപ്പെടുത്തുന്നത്. റോയിയുടെ ഡയറി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ബന്ധുക്കള്‍ വിദേശത്ത് നിന്ന് എത്തേണ്ടതിനാല്‍ റോയിയുടെ സംസ്കാരം നാളത്തേക്ക് മാറ്റി. . 

സി.ജെ. റോയിയുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് കര്‍ണാടക പൊലീസിന്‍റെ നീക്കം. റിയൽ  എസ്റ്റേറ്റ് മേഖലയിൽ അടക്കം വിപുലമായ പരിശോധന നടക്കും. വിശദമായ അന്വേഷണം ആവശ്യപ്പെട്ട്  കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി. ജെ. ജോസഫ്  പൊലീസില്‍  പരാതിയും നല്‍കിയിരുന്നു.  ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ റോയ് സ്വന്തം മുറിയിലേക്ക് പോയെന്നും സ്വയം വെടിയുതിർത്തത് വാതിൽ അകത്തുനിന്ന് കുറ്റിയിട്ട ശേഷമാണെന്നും ജോസഫ് പറഞ്ഞു.

ആത്മഹത്യ ചെയ്യേണ്ട പ്രശ്നങ്ങളോ കടമോ സി.ജെ.റോയിക്കില്ലെന്ന് സഹോദരൻ സി.ജെ.ബാബു മനോരമ ന്യൂസിനോട് പറഞ്ഞു. ഇന്നലെ രാവിലെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. 28 മുതൽ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനം ഉണ്ടായി. നിയമനടപടികൾ അടക്കമുള്ള കാര്യങ്ങൾ കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ബാബു പറഞ്ഞു.

ENGLISH SUMMARY:

The Income Tax Department has issued a clarification regarding the suicide of Confident Group Chairman C.J. Roy. The department stated that all inspections and actions taken were lawful and that they would cooperate with any investigation. Roy’s statement was recorded on Thursday, and he had written that no pressure was exerted on him. The department clarified that they neither questioned nor met Roy yesterday. His statement was recorded in the presence of another witness.