ഷെയ്ൻ നിഗം നായകനായ 'ഹാൽ' സിനിമ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബുധനാഴ്ച്ച കാണും. കത്തോലിക് കോൺഗ്രസ് നൽകിയ അപ്പീലിൽ കൂടുതൽ വാദം കേൾക്കുന്നതിന് മുൻപ് ചിത്രം കാണാനാണ് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.
സിനിമയിൽ മതവികാരം വ്രണപ്പെടുത്തുന്നതോ ആക്ഷേപകരമായതോ ആയ ഉള്ളടക്കം ഇല്ലെന്ന് ബോധ്യപ്പെട്ടാൽ ഹർജിക്കാർക്കെതിരെ പിഴ ചുമത്തുമെന്നും കോടതി കർശന മുന്നറിയിപ്പ് നൽകി. സിനിമയിലെ ഏതെല്ലാം ഭാഗങ്ങളിലാണ് എതിർപ്പുള്ളതെന്ന് കൃത്യമായി സമയക്രമം സഹിതം രേഖാമൂലം അറിയിക്കാനും കോടതി കത്തോലിക്ക കോൺഗ്രസിനോട് നിർദ്ദേശിച്ചു.
സിനിമയിലെ ചില രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമാണ് കത്തോലിക്ക കോൺഗ്രസിന്റെ വാദം. എന്നാൽ ഈ വാദങ്ങളടക്കം തള്ളിക്കൊണ്ടാണ് സിനിമയുടെ പ്രദർശനാനുമതി അപേക്ഷ വീണ്ടും പരിഗണിക്കാൻ സെൻസർ ബോർഡിന് സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നത്.