ആചാരമല്ലെന്ന് ഹൈക്കോടതി ഓര്‍മപ്പെടുത്തിയാലും പമ്പയിലേക്ക് വസ്ത്രം ഉപേക്ഷിക്കുന്ന രീതി പിന്തുടര്‍ന്ന് സ്വാമിമാര്‍. ഓരോ ദിവസവും ലോഡ് കണക്കിന് വസ്ത്രങ്ങളാണ് പമ്പയില്‍ നിന്നും ശേഖരിക്കുന്നത്. ഉച്ചഭാഷിണിയിലൂടെ കൃത്യമായ ഇടവേളകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രയോജനമില്ലെന്ന് വൊളണ്ടിയര്‍മാര്‍.
പമ്പാ സ്നാനം പരമ പവിത്രം. പമ്പയില്‍ കുളിച്ച് കയറിയാല്‍ പാപം മാറും. ഈമട്ടില്‍ സ്വാമിമാര്‍ ശരണമന്ത്രങ്ങള്‍ ഏറ്റുചൊല്ലി മലകയറുമെങ്കിലും പമ്പയില്‍ കുളിക്കുന്നവരില്‍ ചിലരെങ്കിലും അടിസ്ഥാന പാഠം മറക്കുകയാണ്. പവിത്രമെന്ന് കരുതുന്ന പമ്പയിലെ സ്നാനം മാത്രമല്ല സ്വാമിമാരുടെ ലക്ഷ്യം. പാപം മറിച്ചിട്ടാല്‍ പമ്പയെന്ന വാക്കുപോലെ വസ്ത്രവും ഉപേക്ഷിച്ചാല്‍ മാത്രമേ പുണ്യം നേടാനാവൂ എന്ന് ചിന്തിക്കുന്നിടത്താണ് പ്രതിസന്ധി.
വിവിധ ഭാഷകളില്‍ സ്വാമിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ഇതൊന്നും വസ്ത്രം ഉപേക്ഷിക്കുന്നതിന് തടസമേയല്ല. അനാചാരമെന്ന് ഉച്ചഭാഷണിയിലൂടെയുള്ള മുന്നറിയിപ്പിനിടയിലും പലരും വസ്ത്രം ഉപേക്ഷിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ വൊളണ്ടിയര്‍മാരായി തീരത്തുള്ളവരും നിസഹായരാണ്.
ഇതരസംസ്ഥാന തീര്‍ഥാടകരാണ് പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്നവരില്‍ കൂടുതലെന്ന് തീരത്തെ കാഴ്ചയില്‍ നിന്നും വ്യക്തം. സ്വാമിമാര്‍ക്ക് ദര്‍ശനത്തിനെത്താം. മലകയറാം. മടങ്ങിപ്പോകാം. ഇത് അടിസ്ഥാന ആവശ്യം. വസ്ത്രം ഉപേക്ഷിച്ചുള്ള രീതി നിരവധി മേഖലകളിലേക്ക് കുടിവെള്ള ഉറവിടമായി മാറുന്ന പമ്പയെ പ്രതിസന്ധിയിലാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്വാമിമാര്‍ അറിയണം. ഇത് ആചാരമല്ല. അനാചാരമാണ്. പമ്പ മാലിന്യവാഹിനിയല്ല. ശുദ്ധിവരുത്തുന്ന ഇടമാണ്.