ശബരിമലയില്‍ ആചാര സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍. വിശ്വാസികളെ എതിരാക്കുന്ന നിലപാട് വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി. യുവതീപ്രവേശത്തെ അനുകൂലിക്കുന്ന നിലപാട് തിരുത്തും. മന്ത്രിസഭായോഗത്തിലാണ് ഔദ്യോഗിക തീരുമാനം കൈക്കൊള്ളുക. ഇതിന് മുന്‍പ് എല്‍ഡിഎഫിലെ ഘടകകക്ഷികളുമായി കൂടിയാലോചന നടത്തും.
ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നേരത്തേ നിലപാടെടുത്തിരുന്നു. ആചാര സംരക്ഷണത്തിനായാണ് ബോര്‍ഡ് തന്നെ രൂപീകരിച്ചതെന്നും വിശ്വാസികള്‍ക്കൊപ്പാണ് ബോര്‍ഡ് നിലകൊള്ളുകയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ വ്യക്തമാക്കുകയും ചെയ്തു. ഇത് സര്‍ക്കാര്‍ നിലപാടില്‍ നിന്നുള്ള വ്യതിചലനമല്ലേയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ബോര്‍ഡിന് സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം. യുവതീപ്രവേശത്തില്‍ പാര്‍ട്ടി നിലപാടും സര്‍ക്കാര്‍ നിലപാടും ഒന്നാവണമെന്നില്ലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ നിലപാട്.
2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാകും ഏപ്രില്‍ ഏഴിന് കേസ് പരിഗണിക്കുക. ശബരിമലയുള്‍പ്പടെയുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ഭരണഘടനാവകാശത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലായിരുന്നു സുപ്രധാനവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.