കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുടെ പുതിയ ബ്ലോക്കിൽ വൻ തീപിടിത്തം. കെട്ടിടത്തിന്റെ ഒമ്പതാം നിലയിലെ എ.സി. ചില്ലർ പ്ലാന്റിലാണ് തീപിടിത്തം ഉണ്ടായത്. കനത്ത പുക ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ വലിയ ആശങ്ക പരന്നെങ്കിലും, തീ നിയന്ത്രണവിധേയമായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഏകദേശം 9.30ഓടെയാണ്  തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. രോഗികളില്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായതെങ്കിലും, വലിയ രീതിയിൽ കനത്ത പുക ഉയർന്നത് ജീവനക്കാർക്കും പുറത്തുനിന്നെത്തിയ ആളുകൾക്കും പരിഭ്രാന്തി സൃഷ്ടിച്ചു. ഉടൻ തന്നെ താഴത്തെ നിലകളിലുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഓപ്പറേഷൻ തിയേറ്ററുകൾ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായതെങ്കിലും ഒ.പി. കേന്ദ്രങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന സമയമായതിനാൽ തിരക്ക് കൂടുതലായിരുന്നു.

അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ ഉടൻ തന്നെ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. നടക്കാവ് പൊലീസും അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും, അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എ.സി. പ്ലാന്റിൽ നിന്ന് പുക ഉയരുന്നത് പുറത്തുനിന്നുള്ളവരാണ് ആദ്യം കണ്ട് ആശുപത്രി അധികൃതരെ അറിയിച്ചത്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.

ENGLISH SUMMARY:

Kozhikode hospital fire: A major fire broke out at Baby Memorial Hospital in Kozhikode, Kerala, causing concern but no injuries. The fire started in the AC chiller plant on the ninth floor, and firefighters quickly responded to bring the situation under control.