rahul-rape-case-arrest
  • ജീവപര്യന്തം ശിക്ഷ ലഭിച്ചേക്കാമെന്ന് നിയമോപദേശം
  • കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയെന്ന് രാജ്​മോഹന്‍ ഉണ്ണിത്താന്‍
  • രാഹുല്‍ അടൂരിലെ വീട്ടിലില്ലെന്ന് സൂചന

ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് പുറമെ ബലാല്‍സംഗവും ഐടി ആക്ടുമാണ് ചുമത്തിയത്. പരാതിക്കാരിക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക വാങ്ങി എത്തിച്ചു നല്‍കിയ അടൂര്‍ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെയും പ്രതിയാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ഇന്നുതന്നെ അന്വേഷണ സംഘം നെയ്യാറ്റിന്‍കര കോടതിയില്‍ അപേക്ഷ നല്‍കും. രഹസ്യമൊഴിക്ക് ശേഷം അറസ്റ്റിലേക്ക് കടക്കാനാണ് തീരുമാനം. നടപടികളില്‍ വീഴ്ച വരരുതെന്നും ജാമ്യം ലഭ്യമാക്കി രാഹുലിനെ ഹീറോയാക്കരുതെന്നും ഉന്നത നിര്‍ദേശമുണ്ട്. 

അശാസ്ത്രീയ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം ജാമ്യമില്ലാക്കുറ്റമാണ്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാമെന്നും നിയമോപദേശമുണ്ട്. ജൂണില്‍ ഭീഷണിപ്പെടുത്തി ഗര്‍ഭിച്ഛിദ്രം നടത്തിയെന്നാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്. കുട്ടിയുണ്ടായാല്‍ രാഷ്ട്രീയഭാവി നശിക്കുമെന്ന് രാഹുല്‍ പറഞ്ഞുവെന്നും എതിര്‍ത്തപ്പോള്‍ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിക്കാരി വെളിപ്പെടുത്തി. സുഹൃത്തിന്‍റെ കൈവശം കൊടുത്തുവിട്ട ഗുളിക താന്‍ കഴിച്ചുവെന്ന് രാഹുല്‍ വിഡിയോ കോളിലൂടെ ഉറപ്പുവരുത്തിയെന്നും മൊഴിയില്‍ പറയുന്നു. 

കേസില്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലെ വീട്ടിലില്ലെന്ന് സൂചന. വീട്ടിലേക്ക് പ്രതിഷേധ പ്രകടനത്തിന് സാധ്യതയുള്ളതിനാല്‍ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. അതേസമയം, രാഹുലിന്‍റെ മണപ്പുള്ളിക്കാവിലെ എംഎല്‍എ ഓഫിസ് തുറന്നിട്ടുണ്ട്. രണ്ട് സ്റ്റാഫുകളെത്തിയാണ് ഓഫിസ് തുറന്നത്. അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.  അതിനിടെ, ഇരയെ മുഖ്യമന്ത്രിയുടെ മുന്നിലെത്തിച്ചത് രാഹുലാണെന്നും കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. രാഹുലിന്‍റെ പി.ആര്‍.സംഘം ആക്രമണം നടത്തിയെന്നും വടികൊടുത്ത് അടി വാങ്ങുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനെ  പിന്തുണച്ചവര്‍ മാറിച്ചിന്തിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് പറഞ്ഞു. എന്നാല്‍ മറ്റാരുമെടുക്കാത്ത നടപടി സംഭവത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചുവെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. മാധ്യമങ്ങളല്ല, കോടതിയാണ് അന്തിമമായി തീരുമാനിക്കേണ്ടതെന്നായിരുന്നു വി.കെ.ശ്രീകണ്ഠന്‍റെ പ്രതികറണം. ആരാണ് പ്രതി, എന്താണ് വസ്തുത എന്ന അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോള്‍ സര്‍ക്കാരിന്റെ കോര്‍ട്ടിലെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു. പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും പെണ്‍കുട്ടികള്‍ പരാതി നല്‍കിയാല്‍ അത് അന്വേഷിക്കണമെന്നും അവര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

അതിനിടെ, കേസില്‍ ബിജെപി നിലപാടിന് വിരുദ്ധ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ഡിജിപിയുമായ ശ്രീലേഖ. ഇത്രനാള്‍ യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ല. ഇപ്പോള്‍ എന്തിന് മുഖ്യമന്ത്രിക്ക്  നേരിട്ട് പരാതി നല്‍കി?. സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ അറസ്റ്റ് ഒഴിവാക്കാനോ എന്നുമാണ് ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദ്യമുയര്‍ത്തിയിരിക്കുന്നത്. പോസ്റ്റ് വിവാദമായതോടെ ധൃതിയില്‍ ഇട്ടപ്പോള്‍ സംഭവിച്ച് പോയതാണെന്നും പോസ്റ്റ് തിരുത്തിയെന്നുമായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

ENGLISH SUMMARY:

Police have charged Palakkad MLA Rahul Mamkootathil with rape, forced abortion (non-bailable offense), and IT Act violations following a complaint from a woman. Joby Joseph, a friend who allegedly helped procure the abortion pills, is also an accused. The investigation team will apply to the Neyyattinkara court today to record the victim's confidential statement (Section 164), after which an arrest is expected. High-level instructions reportedly stress that the police must avoid procedural lapses that could facilitate bail. The victim stated Rahul threatened her political future and life if she didn't abort. Meanwhile, Congress leaders like Rajmohan Unnithan criticized Rahul's actions, while Thiruvanchoor Radhakrishnan maintained the party's stance that "the law should take its course." Former DGP R. Sreelekha (BJP candidate) questioned the timing of the complaint, hinting at political motives.