rahul-bailplea

ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ബലാല്‍സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്ര ആരോപണം കെട്ടിച്ചമച്ചതെന്നും രാഹുല്‍ മുന്‍കൂര്‍  ജാമ്യാേപക്ഷയില്‍ പറയുന്നു. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലത്തെ സൗഹൃദമുണ്ട്. യുവതിയുടെ പരാതി വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണ്. പരാതി സിപിഎം, ബിജെപി ഗൂഢാലോചനയുടെ ഭാഗമെന്നും രാഹുല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

നിര്‍ബന്ധിത ഭ്രൂണഹത്യക്കും ബലാല്‍സംഗത്തിനും കേസ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ബന്ധിത ഭ്രൂണഹത്യക്കും ബലാല്‍സംഗത്തിനും കേസ്. പാലക്കാട് എം.എല്‍.എയായിരിക്കെ രണ്ടിടങ്ങളില്‍ വെച്ച് നാല് തവണ പീഡിപ്പിച്ചെന്നും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറില്‍ ഗുരുതരപരാമര്‍ശം. വീഡിയോ കോള്‍ വിളിച്ച് ഭ്രൂണഹത്യക്കുള്ള മരുന്ന് രാഹുല്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചെന്നും യുവതിയുടെ മൊഴി. മരുന്നെത്തിച്ച് നല്‍കിയ രാഹുലിന്‍റെ സുഹൃത്ത് ജോബി ജോസഫിനെയും പ്രതിചേര്‍ത്തു.

Also Read: ‘രാഹുൽ നഗ്നദൃശ്യം മൊബൈലിലെടുത്തു, അത് കാട്ടി ഭീഷണിപ്പെടുത്തിയാണ് ഗർഭം അലസിപ്പിച്ചത് ’ 

നാല് മാസങ്ങള്‍ക്ക് മുന്‍പ് ഹു കെയേഴ്സ് എന്ന് പറഞ്ഞ് തുടങ്ങിയ വിവാദം പാലക്കാട് എം.എല്‍.എയെ അടിമുടി വരിഞ്ഞുമുറുക്കുകയാണ്. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിക്ക്  നല്‍കിയ പരാതിയില്‍ രാത്രി തന്നെ യുവതിയുടെ മൊഴിയെടുത്തു. നേരംപുലരും മുന്‍പ് വലിയമല സ്റ്റേഷനില്‍ കേസും രജിസ്റ്റര്‍ ചെയ്തു. വാട്സാപ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച രാഹുല്‍ മാര്‍ച്ച് 17ന് യുവതിയുടെ തിരുവനന്തപുരത്ത് ഫ്ളാറ്റിലെത്തി ആദ്യമായി ബലാല്‍സംഗം ചെയ്തെന്നാണ് മൊഴി. അന്ന് മൊബൈലില്‍ നഗ്നദൃശ്യങ്ങളും ചിത്രീകരിച്ചു. ബന്ധം പുറത്ത് പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ഏപ്രില്‍ 22ന് വീണ്ടും യുവതിയുടെ ഫ്ളാറ്റില്‍വെച്ചും മെയ് അവസാനം രാഹുലിന്‍റെ പാലക്കാടുള്ള ഫ്ളാറ്റിലെത്തിച്ച് രണ്ട് തവണയും പീഡിപ്പിച്ചെന്നാണ് മൊഴി. 

ഇതിന് പിന്നാലെ കുഞ്ഞുണ്ടായാല്‍ രാഷ്ട്രീയ ഭാവി നശിക്കുമെന്ന് പറഞ്ഞ രാഹുല്‍ ഭ്രൂണഹത്യക്ക് നിര്‍ബന്ധം തുടങ്ങി. എതിര്‍ത്തപ്പോള്‍  ഫോണിലൂടെ അസഭ്യപ്രയോഗം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ മെയ് 30ന് രാഹുലിന്‍റെ സുഹൃത്ത് ജോബി ജോസഫ് തിരുവനന്തപുരത്ത് കാറില്‍ വെച്ച് മരുന്ന് കൈമാറി. വീട്ടില്‍ ചെന്ന് കഴിച്ചോളാമെന്ന് പറഞ്ഞപ്പോള്‍ ആ കാറിലിരുന്ന് കഴിക്കണമെന്ന് ആവശ്യപ്പെടുകയും രാഹുല്‍ വീഡിയോ കോളിലൂടെ കഴിക്കുന്നത് കണ്ട് ഉറപ്പിക്കുകയും ചെയ്തെന്നും മൊഴിയില്‍ പറയുന്നു.

ബലാല്‍സംഗമെന്ന പ്രധാന കുറ്റത്തിന് പുറമെ അധികാരസ്ഥാനത്തിരുന്നുള്ള ഉപദ്രവം, ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടുമുള്ള ബലാല്‍സംഗം, ആവര്‍ത്തിച്ചുള്ള പീഡനം തുടങ്ങി ബലാല്‍സംഗത്തിന്‍റെ നാല് ഉപവകുപ്പുകളും ചുമത്തിയിട്ടുണ്ട്. അശാസ്ത്രീയ ഭ്രൂണഹത്യയെന്ന ഗുരുതരകുറ്റവും നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് ഐ.ടി ആക്ടും ചുമത്തി. രാഹുലിനെ ന്യായീകരിക്കുന്നവര്‍ വാദിക്കുന്ന വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനമെന്ന കുറ്റം ചുമത്താതെ ഭ്രൂണഹത്യ പ്രധാന ആയുധമാക്കി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം.

ENGLISH SUMMARY:

Rahul Mamkootathil is facing serious allegations. He has filed an anticipatory bail application in response to the rape and forced abortion case filed against him.