kappa-accused-kiran

പൊലീസിനെ വെട്ടാന്‍ ശ്രമിച്ച കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് എസ്.എച്ച്.ഒ. തിരുവനന്തപുരം ആര്യന്‍കോട് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ തന്‍സീം അബ്ദുള്‍ സമദാണ് സ്ഥിരം ക്രിമിനലായ കൈലി കിരണിന് നേരെ തോക്കെടുത്തത്. വെടിയേല്‍ക്കാതെ കിരണ്‍ ഓടി രക്ഷപെട്ടു. ഇതിനിടെ ഒരു മാസം മുന്‍പ് കിരണ്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.

അന്ന് കിരണിനെ ഒരുതരത്തില്‍ കീഴടക്കി കാപ്പാ നിയമം ചുമത്തി നാടുകടത്തിയതാണ്. ആ ഉത്തരവ് ലംഘിച്ച് ഇന്നലെ രാത്രി കിരണ്‍ വീട്ടിലെത്തി. വീട്ടില്‍ സുഹൃത്തുക്കളായ ഗുണ്ടകളുമായി ചേര്‍ന്ന് ലഹരിപാര്‍ട്ടിയും നടത്തി. ഇത് അറിഞ്ഞാണ് ഇന്ന് രാവിലെ എസ്.എച്ച്.ഒ തന്‍സീം അബ്ദുള്‍ സമദിന്‍റെ നേതൃത്വത്തിലെ പൊലീസ് പിടികൂടാനെത്തിയത്. പതിവ് പോലെ കിരണ്‍ വെട്ടുകത്തിയെടുത്തു. ആദ്യം സി.പി.ഒക്ക് നേരെ കത്തി വീശി. പിന്നാലെ എസ്.എച്ച്.ഒക്ക് നേരെയും. ഇരുവരും ഒഴിഞ്ഞ് മാറിയതുകൊണ്ട് വെട്ടേറ്റില്ല. 

ഇതോടെയാണ് തന്‍സീം റിവോള്‍വറെടുത്ത് വെടിയുതിര്‍ത്തത്. വെടികൊള്ളാതെ കിരണ്‍ ഓടി രക്ഷപെട്ടു. കിരണിനെതിരെ രണ്ട് കേസുകള്‍ കൂടിയെടുത്തു. ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവരെ പിടികൂടാനും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ENGLISH SUMMARY:

A police Sub-Inspector (SHO) opened fire at Kairi Kiran, a notorious accused in multiple cases including Kaapa (Kerala Anti-Social Activities Prevention Act), after the accused allegedly attempted to attack the officer with a weapon. The incident took place in Thiruvananthapuram. Following the shooting, footage showing the accused's aggressive past actions surfaced. The video shows Kairi Kiran brandishing a machete at officers who tried to apprehend him a month ago, highlighting his history of violent resistance against the police.