vijay-nayakan

വിജയ് ചിത്രം ജനനായകന്‍റെ റിലീസ് വൈകും. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് താല്‍ക്കാലികമായി സ്റ്റേ ചെയ്തു. നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. അതിനിടെ ശിവകാര്‍ത്തികേയന്‍ ചിത്രം പരാശക്തിക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി. 

ഫസ്റ്റ് ഹാഫ് വിജയ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നതായിരുന്നെങ്കില്‍ സെക്കന്‍ഡ് ഹാഫില്‍ അതല്ല സ്ഥിതി. എത്രയും വേഗം ജനനായകന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിന് എതിരെ സെന്‍സര്‍ ബോര്‍ഡാണ് അപ്പീല്‍ നല്‍കിയത്. സെന്‍സര്‍ ബോര്‍ഡിനായി തുഷാര്‍ മേത്തയും, നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിനായി മുകുള്‍ റോഹത്‌ഗിയുമാണ് ഹാജരായത്. വിശദമായ മറുപടി നല്‍കാന്‍ അവസരം ലഭിച്ചില്ലെന്ന വാദമാണ് സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തിയത്. 

ചിത്രത്തിനെതിരെ പരാതി നല്‍കിയത് എക്സാമിനിങ് കമ്മിറ്റിയിലെ അംഗമാണെന്നത് ഞെട്ടിച്ചുവെന്ന് നിര്‍മാതാക്കള്‍ക്കുവേണ്ടി ഹാജരായ മുകുള്‍ റോഹത്ഗി പറഞ്ഞു. എന്തിനാണ് ഇത്രയും തിടുക്കമെന്നായിരുന്നു നിര്‍മാതക്കളോട് ചീഫ് ജസ്റ്റിസിന്‍റെ ചോദ്യം. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കയ്യിലില്ലാതെ ചിത്രം എങ്ങനെ റിലീസ് ചെയ്യുമെന്നും, ഒരു റിലീസ് തീയതി നിശ്ചയിച്ചുവെന്ന പേരില്‍ കോടതി അടക്കമുള്ള സംവിധാനങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്താനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

കേസ് പൊങ്കല്‍ അവധിക്ക് ശേഷം 21 നാണ് ഇനി പരിഗണിക്കുക. ഇന്ന് രാവിലെയാണ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ജസ്റ്റിസ് പി.ടി.ആശ ഉത്തരവിട്ടത്. അതിനിടെ ശിവകാര്‍ത്തികേയന്‍ ചിത്രം പരാശക്തിക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി. യുഎ 16+ സര്‍ട്ടിഫിക്കറ്റാണ് അനുവദിച്ചത്. നാളെയാണ് ചിത്രത്തിന്‍റെ റിലീസ്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകിയതിനെ തുടര്‍ന്ന് ചിത്രത്തിന്‍റെ റിലീസ് വൈകുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ മകന്‍ ഇന്‍പനിധിയുടെ റെഡ് ജയന്‍റ് മൂവീസാണ് പരാശക്തിയുടെ വിതരണക്കാര്‍. 

ENGLISH SUMMARY:

Jananayakan movie release faces further setbacks. The Madras High Court has stayed the single bench order, affecting the Pongal release of the Vijay starrer.