അമിത ആത്മവിശ്വാസവും മുന്നണിയിലെ അനൈക്യവും തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് തോറ്റാല്‍ സംഘപരിവാറിന് ഗുണകരമാകുമെന്ന പ്രചാരണം എല്‍ഡിഎഫിന് തിരിച്ചടിയായി എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും പറഞ്ഞു. ഫെബ്രുവരി ഒന്ന് മുതല്‍ മൂന്ന് മേഖലാ ജാഥകള്‍ നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും വിലയിരുത്തിയ ഇടതുമുന്നണി യോഗത്തിലാണ് അമിത ആത്മവിശ്വാസവും മുന്നണിയിലെ അനൈക്യവും തിരിച്ചടിയായെന്ന് മുഖ്യമന്ത്രി ഘടകക്ഷികളോട് പറഞ്ഞത്. മുന്നണിയില്‍ ഐക്യം ഉറപ്പാക്കിയാൽ തുടർഭരണം ഉറപ്പെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത് സവിശേഷ സാഹചര്യം എന്ന പ്രയോഗമാണ് മുഖ്യമന്ത്രി നടത്തിയത്. എല്ലാ പാര്‍ട്ടികളും മുന്നണി യോഗത്തില്‍ നിലപാട് പറഞ്ഞുവെന്നും തര്‍ക്കങ്ങളില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളും സഞ്ചരിക്കുന്നതാണ് മൂന്ന് മേഖലാ ജാഥകള്‍. വടക്കന്‍ മേഖല ജാഥ എം.വി. ഗോവിന്ദനും, തെക്കന്‍ മേഖല ജാഥ ബിനോയ് വിശ്വവും, മധ്യമേഖല ജാഥ ജോസ്.കെ.മാണിയും നയിക്കും. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐ കമ്മിറ്റികളില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അതേ തീവ്രതയോടെ സിപിഐ ഇത് മുന്നണി യോഗത്തില്‍ അവതരിപ്പിക്കാതെ പിന്നോട്ട് പോയി.