മലപ്പുറം നിലമ്പൂരിനടുത്ത് ചാലിയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ജാർഖണ്ഡിൽ നിന്നുള്ള ചാരു ഒവറോൺ ആണ് മരിച്ചത്. ടാപ്പിങ്ങിന് ശേഷം താമസ സ്ഥലമായ അരയാട് എസ്റ്റേറ്റിലെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. റബർ മരങ്ങൾക്കിടയിൽ നിൽക്കുകയായിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു.

ചാരു ഓവറോൺ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാട്ടാന പിന്തുടർന്ന് ആക്രമിച്ചു. തോട്ടത്തിൽ ഒപ്പം ഉണ്ടായിരുന്ന മറ്റു തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ചാരുവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ ജനവാസ മേഖലയിൽ എത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുമുണ്ട്.

അതേസമയം, കണ്ണൂര്‍ പെരട്ട തൊട്ടിപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് സ്കൂട്ടര്‍ യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇന്ന് പുലര്‍ച്ചെ തൊട്ടിപ്പാലം ടൗണിനടുത്ത് ജനവാസമേഖലയിലാണ് സംഭവം. ഇരുട്ടില്‍ യുവാവ് കാട്ടാനയെ കണ്ടിരുന്നില്ല. തൊട്ടടുത്തെത്തിയപ്പോള്‍ ആന തിരഞ്ഞതോടെ യാത്രക്കാരന്‍ സ്കൂട്ടര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ ആനയും മറ്റൊരു ദി‍ശയില്‍ ഓടുകയായിരുന്നു. കര്‍ണാടക വനത്തില്‍ നിന്നെത്തിയ ആന പിന്നീട് കാടുകയറി.

ENGLISH SUMMARY:

Charu Ovaron, a migrant worker from Jharkhand, was killed in a wild elephant attack near Chaliyar, Nilambur, Malappuram. The incident occurred while he was returning to his accommodation at Arayadu Estate after rubber tapping. A wild elephant standing among the rubber trees attacked him. Though Charu tried to escape, the elephant chased and trampled him, while other workers managed to flee. His body has been moved to Manjeri Medical College for post-mortem. The elephant had reportedly caused widespread destruction to crops in the residential area early this morning.