രോഗികളുടെ അവകാശങ്ങൾക്ക് മുൻഗണന നല്കിയും സ്വകാര്യ ആശുപത്രികൾക്ക് മൂക്കുകയറിട്ടും ഹൈക്കോടതി പുറപ്പെടുവിച്ച മാർഗരേഖയ്ക്ക് എതിരെ നിയമ പോരാട്ടത്തിന് പ്രൈവറ്റ് ആശുപത്രികൾ . ചികിത്സ നിരക്ക് പ്രദർശിപ്പിക്കുന്ന ഉൾപ്പെടെ പ്രായോഗികമല്ലെന്നാണ് ആശുപത്രികളുടെ നിലപാട്. വിയോജിപ്പുകൾ പരിഹരിച്ച് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പാക്കാൻ സർക്കാരും ആശുപത്രികളും തയാറാകണമെന്ന് മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സന്ദാനന്ദൻ ആവശ്യപ്പെട്ടു.
സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകുന്ന ഒട്ടേറെ നിർദ്ദേശങ്ങൾ ആണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം ശരിവെച്ചു കൊണ്ടുള്ള ഹൈക്കോടതി മാർഗ്ഗരേഖയിലുള്ളത്. ആശുപത്രികളില്‍ ലഭ്യമാകുന്ന സേവനങ്ങളും ചികിത്സാ നിരക്കുകളും പ്രദര്‍ശിപ്പിക്കണം. ഡോക്ടര്‍മാരുടെ വിവരങ്ങള്‍, വിദ്യാഭ്യാസ യോഗ്യത എന്നിവ സര്‍ക്കാരിന് കൈമാറണം, അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിച്ച് ആരോഗ്യനില ഭദ്രമാക്കണം, പണമില്ല എന്ന പേരില്‍ ചികിത്സ നിഷേധിക്കരുത് തുടങ്ങി സുപ്രധാന നിർദേശങ്ങൾ. എന്നാൽ നിരക്കുകൾ മുൻകൂട്ടി നിശ്ചയിക്കാനോ പ്രദർശിപ്പിക്കാനോ കഴിയില്ലെന്നാണ് ആശുപത്രി മാനേജ്മെന്‍റുകളുടെ നിലപാട്. ചികിത്സ നിരക്കുകൾക്ക് പാക്കേജ് രീതി നടപ്പാക്കിയാൽ ചികിത്സയുടെ നിലവാരം കുറയുമെന്നും മാനേജ് മെന്‍റുകൾ വാദിക്കുന്നു.
എന്നാൽ നിരവധി ചർച്ചകളിലൂടെ തയ്യാറാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം പ്രായോഗികമല്ലെന്ന മാനേജ്മെന്‍റുകളുടെ വാശി അംഗീകരിക്കാൻ കഴിയില്ലെന്ന് നിയമത്തിന് ചുക്കാൻ പിടിച്ച മുൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ
ഹൈക്കോടതി നിർദ്ദേശങ്ങൾക്കെതിരെ KPHA സുപ്രീം കോടതിയെ സമീപിക്കാനാണ് സാധ്യത. രോഗികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് നിയമം ശക്തമായി നടപ്പാക്കാൻ ഇതുവരെ ശുഷ്കാന്തി കാണിക്കാതിരുന്ന സർക്കാർ ഹൈക്കോടതി മാർഗനിർദേശങ്ങളെ കുറിച്ചും പ്രതികരിച്ചിട്ടില്ല. ചുരുക്കത്തിൽ നിയമത്തിന്റെ പ്രയോജനം രോഗികൾക്ക് ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും.