ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പദ്മകുമാര്‍ സൂചിപ്പിച്ച 'ദൈവതുല്യര്‍ ആരെന്ന് തനിക്കറിയില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പോറ്റിയെ അറിയാം. എന്നാല്‍ കൊണ്ടുവന്നത് താനല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമെന്താണ്, എങ്ങനെയാണ് പരിചയം എന്നീ വിവരങ്ങള്‍ അറിയുന്നതിനായാണ് തന്ത്രിമാരായ കണ്ഠര് രാജീവരെയും മോഹനരെയും പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തിയത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ തന്ത്രിമാര്‍ക്കൊപ്പം കണ്ടിട്ടുണ്ടെന്നും സൗഹൃദമുണ്ടെന്നും അന്വേഷണ സംഘത്തിന് നേരത്തെ മൊഴി ലഭിച്ചിരുന്നു. എന്നാല്‍ ശബരിമലയോട് അടുത്തിടപഴകുന്ന ആളെന്നതിനാല്‍ സൗഹൃദമുണ്ടായിരുന്നുവെന്നും പക്ഷേ സാമ്പത്തിക ഇടപാടുകളില്ലെന്നും ഇരുവരും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങളേ ചെയ്തിട്ടുള്ളൂവെന്നും തീരുമാനങ്ങള്‍ക്ക് ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് തന്‍റെ ജോലിയെന്നും രാജീവര് മറുപടി നല്‍കി. എല്ലാ സ്ഥാവര ജംഗമ വസ്തുക്കളുടെയും അവകാശി ദേവസ്വം ബോര്‍ഡാണെന്നും തന്ത്രിമാരുടെ മൊഴിയിലുണ്ട്.

അതേസമയം, കോടതിയില്‍ ഹാജരാക്കിയ പദ്മകുമാറിനെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് അഞ്ചുമണി വരെയാണ് കസ്റ്റഡി അനുവദിച്ചത്. വന്‍ സുരക്ഷയോടെയാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ പദ്മകുമാറിനെ ഹാജരാക്കിയത്. കൈ വിലങ്ങ് അണിയിച്ചിരുന്നില്ല. എന്‍.വാസുവിനെ കഴിഞ്ഞ ദിവസം കൈവിലങ്ങണിയിച്ച് ഹാജരാക്കിയത് വന്‍ വിവാദമായിരുന്നു.

ENGLISH SUMMARY:

Thantri Kandararu Rajeevaru, questioned by the Special Investigation Team (SIT) in connection with the Sabarimala gold scam, stated he does not know who the "god-like persons" mentioned by former TDB President A. Padmakumar are. Rajeevaru admitted knowing main accused Unnikrishnan Potti but denied bringing him to the temple or having any financial dealings, stating their relationship was based on Potti's frequent involvement with Sabarimala and other temples. The SIT also recorded the statement of Thantri Mohanaru. Meanwhile, Padmakumar was produced in court without handcuffs, following a controversy over the handcuffing of former Devaswom Commissioner N. Vasu.