Image: Facebook
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന് രൂക്ഷ വിമര്‍ശനവുമായി എത്തിയ പി.പി.ദിവ്യയ്ക്ക് മറുപടിയുമായി നടി സീമ ജി. നായര്‍. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്. ഇങ്ങനെയുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ അനുശ്രീയേയും സീമയേയും പോലുളളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുമെന്നുമായിരുന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ പി.പി. ദിവ്യ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പിന്നാലെയാണ് സീമയുടെ മറുപടി പോസ്റ്റ് എത്തുന്നത്. ‘എല്ലാം തികഞ്ഞ മാം ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ അഭിപ്രായം ഞാൻ ശിരസ്സാവഹിക്കുന്നതായി രേഖപ്പെടുത്തുന്നു’ എന്ന് സീമ പരിഹാസ രൂപേണ കുറിച്ചു.
ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ എന്ന് കുറിച്ച് സീമ ജി. നായരുടേയും അനുശ്രീയുടേയും ചിത്രം പങ്കുവച്ചായിരുന്നു ദിവ്യയുടെ പോസ്റ്റ്. ‘ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകും. കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ രാഹുൽ മാങ്കൂട്ടത്തിനെ പോലെ ലൈംഗിക വൈകൃതമുള്ളവരെ സൃഷ്ടിക്കും. നിയമസഭയിൽ അവർ ഞെളിഞ്ഞിരിക്കും. സീമാ ജി. നായരും, അനുശ്രീമാരും സംരക്ഷണം ഒരുക്കും’ ദിവ്യ കുറിച്ചു. ഒപ്പം അതിജീവിതയോട് ധൈര്യമായി പരാതി നൽകണമെന്നും കേരള ജനത കൂടെയുണ്ടാകുമെന്നും ദിവ്യ കുറിച്ചു. ‘നിങ്ങൾ ധൈര്യമായി ഇറങ്ങൂ, അമ്മയെയും പെങ്ങളെയും ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട) മനുഷ്യർ നിനക്കൊപ്പം ഉണ്ടാകും. ഈ സർക്കാരും’ ദിവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ ദിവ്യ ചാർത്തി തരുന്ന രത്ന കിരീടം താങ്ങാനുള്ള തല തനിക്കില്ലെന്നും അതു സ്വന്തം തലയിൽ ചാർത്തുന്നതാകും നല്ലതെന്നും കുറിച്ച് പരിഹാസവുമായാണ് സീമ എത്തിയത്. ‘കേരളത്തിൽ വേറെ ഒരു വിഷയവും ഇല്ലല്ലോ, അതുകൊണ്ടു ദിവ്യാ മാമിനു പ്രതികരിക്കാം. പിന്നെ രത്‌ന കിരീടം ഞങ്ങൾക്ക് ചാർത്തി തരുന്നതിലും നല്ലത് സ്വന്തം തലയിൽ ചാർത്തുന്നതാണ്. ആ കിരീടം താങ്ങാനുള്ള ശേഷി എന്‍റെയൊന്നും തലക്കില്ല. അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂ’ സീമ കുറിച്ചു.
നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെതിന്‍റെ ചാറ്റ്, ഫോൺ സംഭാഷണങ്ങൾ പുറത്തു വന്നതിനു പിന്നാലെ നടി സീമ ജി. നായർ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് വലിയ ചർച്ചയായിരുന്നു. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണമെന്നുമായിരുന്നു സീമ കുറിച്ചത്. തനിക്കെതിരെ സൈബര്‍ അറ്റാക്കുണ്ടെന്നും സീമ കുറിച്ചു. മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്മൈല്‍ ഭവന്‍ പദ്ധതിയുടെ ഭാഗമായുള്ള വീടിന്റെ തറക്കല്ലിടല്‍ ചടങ്ങിൽ എത്തിയതിന് അനുശ്രീയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു പി.പി.ദിവ്യയുടെ പോസ്റ്റ്.