നാവിക സേന ദിനാഘോഷത്തിന് ഒരുങ്ങി തിരുവനന്തപുരം ശംഖുമുഖം ബീച്ച്. ഡിസംബര്‍ മൂന്നിനാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഖ്യാതിഥിയാകുന്ന നാവിക സേന ദിനാഘോഷം. കടലെടുത്ത ശംഖുമുഖം തീരത്ത് കൃത്രിമ തീരം സൃഷ്ടിച്ചും കടല്‍ ഭിത്തി നിര്‍മിച്ചുമാണ് ആഘോഷത്തിന് വേദിയൊരുങ്ങുന്നത്. ആഘോഷത്തിന്‍റെ ഭാഗമായുള്ള അഭ്യാസ പ്രകടനങ്ങളില്‍ പങ്കെടുക്കാനായി നാവിക സേന കപ്പലുകള്‍ നാളെ മുതല്‍ ശംഖമുഖത്ത് എത്തിത്തുടങ്ങും.
ചരിത്രപരമായ അനേകം കൂടിച്ചേരലുകള്‍ക്ക് സാക്ഷ്യം വഹിച്ച ശംഖുമുഖം മറ്റൊരു ചരിത്ര നിയോഗത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യന്‍ നാവിക സേന ദിനാഘോഷം ആദ്യമായി കേരളത്തിലെത്തുമ്പോള്‍ അതിന് വേദിയാവുകയെന്ന നിയോഗം. ശംഖുമുഖത്തെ മാഞ്ഞ് പോയ തീരം മഴ കുറഞ്ഞതോടെ ഭാഗികമായെങ്കിലും തിരിച്ചെത്തിയിട്ടുണ്ട്. കടല്‍ ഭിത്തി കെട്ടിയും കൃത്രിമ തീരം ഒരുക്കിയും രാഷ്ട്രപതിയും നാവിക സേന തലവനുമുള്‍പ്പെടേയുള്ള വി.ഐ.പികള്‍ക്കുള്ള പവലിയന്‍ ഒരുങ്ങുകയാണ്.
നാവികസേനയുടെ പടക്കപ്പലുകളും, അന്തര്‍വാഹിനികളും, യുദ്ധവിമാനങ്ങളുമെല്ലാം ആഘോഷത്തിന്‍റെ ഭാഗമായുള്ള അഭ്യാസപ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ അടുത്ത ദിവസങ്ങളിലായി ശംഖുമുഖത്തെത്തും. ഇന്ത്യന്‍ നാവിക സേനയുടെ ആയുധക്കരുത്തിന്‍റെയും പ്രതിരോധ ശേഷിയുടെയും അമ്പരിപ്പിക്കുന്ന കാഴ്ചകളായിരിക്കും അഭ്യാസ പ്രകടനങ്ങളില്‍ അനാവരണം ചെയ്യപ്പെടുക. ശനിയാഴ്ച മുതല്‍ അഭ്യാസപ്രകടനങ്ങളുടെ പരിശീലനം ശംഖുമുഖത്ത് നടക്കും.