AI Image
ക്രിസ്മസും ന്യൂ ഇയറും കഴിഞ്ഞ് ആഘോഷങ്ങളൊക്കെ ഏകദേശം ഒതുങ്ങിത്തുടങ്ങി. ഇനി ഡീറ്റോക്സ് ഡയറ്റുകളുടെ വരവാണ്. പഴച്ചാറുകളും ഹെര്‍ബല്‍ ടീയും ദ്രാവക രൂപത്തിലെ ഭക്ഷണങ്ങളുമെന്നിങ്ങനെ ഇന്‍സ്റ്റ ഫീഡിലും വാട്സാപ്പ് ഗ്രൂപ്പുകളിലുമെല്ലാം ഡയറ്റുകള്‍ നിറയും. ഒരാഴ്ച വാരിവലിച്ച് തിന്നതിന്‍റെ കേടെല്ലാം വെറും മൂന്ന് ദിവസം കൊണ്ട് മാറ്റാമെന്നാകും മിക്ക കുറിപ്പുകളുടെയും ചുരുക്കം. അമിതമായ ആഹാരം കഴിച്ചെന്ന കുറ്റബോധത്തില്‍ എളുപ്പത്തില്‍ ആളുകള്‍ ഡീറ്റോക്സിലേക്ക് തിരിയുകയും ചെയ്യും. എന്നാല്‍ ഈ പറയപ്പെടുന്ന ഡീറ്റോക്സില്‍ എത്രത്തോളം വാസ്തവമുണ്ട്? ന്യൂട്രീഷ്യന്‍ വിദഗ്ധര്‍ പറയുന്നത് അനുസരിച്ച് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ഇത്തരം കുറുക്കുവഴികള്‍. ഇതുകൊണ്ടൊന്നും ശരീരം ശുദ്ധീകരിക്കപ്പെടുന്നില്ല. മറിച്ച് ഉള്ള ഊര്‍ജം ഊറ്റിക്കളയുകയാണ് ഇവ ചെയ്യുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. വിപണിയിലെ ട്രെന്‍ഡ് എന്ന നിലയില്‍ ഇതിനെ കാണേണ്ട ആവശ്യമേയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു.
AI Image
വൃക്കകള്‍, കരള്‍, വയര്‍, ശ്വാസകോശം, ചര്‍മം എന്നിവയിലൂടെ ശരീരം സ്വയം വിഷാംശങ്ങളെ പുറന്തള്ളി ശുദ്ധിയാകാറുണ്ട്. ഇത് നിരന്തരം സംഭവിച്ചുകൊണ്ടേയിരിക്കുന്നതുമാണ്. ആഘോഷകാലത്തെ ഭക്ഷണ–പാനീയങ്ങളുടെ ഭാഗമായിമാത്രം വിഷാംശം ശരീരത്തിലെത്തുന്നില്ലെന്നും അത് മാത്രമായി തിരഞ്ഞ് പിടിച്ച് കളയാന്‍ മാര്‍ഗമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഡീറ്റോക്സെന്ന പേരില്‍ പ്രചാരത്തിലുള്ള ഇത്തരം രീതികളെ ശാസ്ത്രം തുണയ്ക്കുന്നില്ലെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. ജ്യൂസുകളോ, ഡീറ്റോക്സ് ചായകളോ, കുറേ നേരം ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതോ ശരീരത്തിലെ ഡീറ്റോക്സ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നില്ലെന്നതാണ് വാസ്തവം. ശരീരത്തിലെ വൃക്കകളും കരളും ദഹന പ്രക്രിയയുമൊന്നും കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒരു ഡീറ്റോക്സ് ഡ്രിങ്ക് കൊണ്ടും ഗുണമില്ലെന്ന് സാരം.
അശാസ്ത്രീയമായ ഡീറ്റോക്സ് പ്ലാനുകളെടുത്ത് ഒടുവില്‍ അവശനിലയില്‍ പലരും ആശുപത്രികളില്‍ എത്താറുണ്ട്. ക്ഷീണം, നിര്‍ജലീകരണം, ഇലക്ട്രോലൈറ്റുകള്‍ നഷ്ടമാകല്‍ എന്നീ ലക്ഷണങ്ങളോടെയാണ് ഇവര്‍ ആശുപത്രിയില്‍ എത്താറുള്ളത്. വാരിവലിച്ച് തിന്നതിന്‍റെ കുറ്റബോധം തീര്‍ക്കാനാണ് ആളുകള്‍ സാധാരണയായി ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്.
ഭക്ഷണത്തിലെ കാലറി കുറയ്ക്കലാണ് ഡീറ്റോക്സ് ഡയറ്റുകളിലെ പ്രധാന രീതി. മിക്കവാറും ദ്രാവകങ്ങള്‍ മാത്രമാകും ഡീറ്റോക്സില്‍ നിര്‍ദേശിക്കുന്നത്. ഇത് പക്ഷേ പേശീബലം ക്ഷയിക്കുന്നതിനും ക്ഷീണത്തിനും ഏകാഗ്രത കുറയുന്നതിനും കാരണമാകും.
ആഘോഷകാലത്തെ അമിതാഹാരത്തിന് ശേഷം ശരീരത്തെ പട്ടിണിക്കിടുകയല്ല വേണ്ടത്, മറിച്ച് പോഷകാഹാരമാണ് നല്‍കേണ്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണം ഉപേക്ഷിക്കുന്നതോടെ ശരീരം സമ്മര്‍ദത്തിലാകുകയും ദഹനപ്രക്രിയ താളം തെറ്റുകയും ചെയ്യും. ഡീറ്റോക്സിന്‍റെ ഭാഗമായി പലതരം ചായ കുടിക്കുന്നവരിലാവട്ടെ ശരീരത്തിലെ ജലാശം നഷ്ടമാവുകയാണ് ചെയ്യുന്നത്. പൊട്ടാസ്യവും സോഡിയവും കുറയുന്നതോടെ തലവേദന, ക്ഷീണം, മലബന്ധം, വിറയല്‍ തുടങ്ങിയവ അനുഭവപ്പെടും. വൃക്കരോഗികളും ഹൃദ്രോഗികളും പ്രായമായവരും രക്തസമ്മര്‍ദമുള്ളവരും ഒരു കാരണവശാലും ഇത്തരം ഡയറ്റുകളെടുക്കരുതെന്നും ജീവന്‍ തന്നെ അപകടത്തിലായേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വയറ് ശുചിയാക്കുമെന്നാണ് പല ഡീറ്റോക്സുകളുടെയും വാഗ്ദാനം. എന്നാല്‍ വയറിനുള്ളിലെ നല്ല ബാക്ടീരിയകളെ ഇവ നശിപ്പിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ദഹനരസത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നതോടെ അസിഡിറ്റിയുണ്ടാകുകയും വയറ് അസ്വസ്ഥമാകുകയും ചെയ്യും. ഖരരൂപത്തിലുള്ള ഭക്ഷണം ഉപേക്ഷിച്ച് ജ്യൂസുകള്‍ മാത്രം കുടിക്കാന്‍ തുടങ്ങുന്നതോടെ രക്തത്തിലെ പഞ്ചാസാരയുടെ അളവ് കുതിച്ചുയരുമെന്നും ഇത് അമിതമായി ആഹാരം കഴിക്കുന്നതിലേക്ക് നയിക്കുമെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു.