മാരിനേര (ഫയല്‍ ചിത്രം)
അറ്റ്ലാന്‍റിക്കില്‍ റഷ്യൻ പതാകയുള്ള ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. രണ്ടാഴ്ചയിലേറെയായി അമേരിക്ക കപ്പലിനെ പിന്തുടരുന്നുണ്ടായിരുന്നു. പിന്നാലെ നാവിക സേനയുമായി റഷ്യ കപ്പലിനെ സംരക്ഷിക്കാനെത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയുടെ നടപടി. യുഎസ് സൈന്യത്തിന്‍റെ യൂറോപ്യൻ കമാൻഡ്, എക്‌സിലൂടെ ഓപ്പറേഷൻ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
പാശ്ചാത്ത്യ രാജ്യങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ കപ്പലുകളെ ലക്ഷ്യം വച്ചുകൊണ്ടാണ് നടപടിയെന്നും മാതൃരാജ്യത്തെ സംരക്ഷിക്കുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും യുഎസ് സൈന്യം എക്സില്‍ പങ്കിട്ട പോസ്റ്റില്‍ പറയുന്നു. വെനസ്വേലയിൽനിന്ന് എണ്ണ കടത്തുന്നതായി ആരോപിച്ചാണ് യുഎസ് കപ്പല്‍ പിടിച്ചെടുത്തിരിക്കുന്നത്. വെനസ്വേലൻ എണ്ണയുടെ ഉപരോധം ലോകത്തെവിടെയും പൂർണ്ണ ഫലത്തിൽ തുടരുന്നു എന്ന് ഉറപ്പാക്കുകയാണെന്ന് കുറിച്ച് യുഎസ് പ്രതിരോധ സെക്രട്ടറിയും പോസ്റ്റ് പങ്കിട്ടിട്ടുണ്ട്.
2024ൽ യുഎസ് അനുമതി നൽകിയ ബെല്ല 1 എന്നറിയപ്പെട്ടിരുന്ന എണ്ണക്കപ്പലാണ് പിന്നീട് പേരുമാറ്റി മാരിനേരയായത്. ഇറാനിൽ നിന്ന് വെനസ്വേലയിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. എന്നാല്‍ വെനസ്വേലയ്ക്ക് സമീപം എണ്ണ ടാങ്കറുകൾ പിടിച്ചെടുത്തുകൊണ്ടുള്ള യുഎസ് ഉപരോധത്തെ തുടര്‍ന്ന് കപ്പല്‍ ഗതി മാറ്റി അറ്റ്ലാന്റിക്കിലേക്ക് തിരിച്ചു. അപ്പോളും ഐസ്‌ലൻഡിലെ യുഎസ് താവളങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെ കപ്പലിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
അതേസമയം, യുഎസ് കപ്പല്‍ പിടിച്ചെടുക്കുമ്പോള്‍ മാരിനേരയ്ക്ക് സമീപം മറ്റ് റഷ്യൻ കപ്പലുകളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. നാവിക സേനയുമായി റഷ്യ കപ്പലിനെ സംരക്ഷിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങിനെയെങ്കില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷവും ഉണ്ടായേനെ. എന്നാല്‍ മറ്റ് സംരക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരുന്നത് യുഎസ്, റഷ്യൻ സേനകൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കി.