കാറിന്‍റെ ബോണറ്റില്‍ വീണു കിടന്ന യുവാവുമായി രണ്ടു കിലോമീറ്റര്‍ അപകടകരമായി പാഞ്ഞയാളെ പൊലീസും നാട്ടുകാരും പിടികൂടി. ഭൂമിയിടപാടില്‍ പണത്തിനു പകരം നല്‍കിയ കാര്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ച യുവാവായിരുന്നു ബോണറ്റില്‍. തൃശൂര്‍ എരുമപ്പെട്ടിയില്‍ ഇന്നു രാവിലെയായിരുന്നു നാടകീയ സംഭവങ്ങള്‍.
ആലുവ സ്വദേശി സോളമനാണ് ബോണറ്റില്‍ കിടന്നയാള്‍. തൃശൂര്‍ തിരൂര്‍ സ്വദേശിയായ ബക്കറാണ് വണ്ടിയോടിച്ചത്. സോളമനും ബക്കറും തമ്മില്‍ ഭൂമിടപാടുണ്ടായിരുന്നു. ബക്കറിന്‍റെ പതിനാറു സെന്‍റ് ഭൂമി സോളമന്‍ വാങ്ങി. പണത്തിനു പകരം രണ്ട് ആഡംബര വണ്ടികള്‍ നല്‍കി. പക്ഷേ, ഭൂമി തീറെഴുതി നല്‍കിയില്ല. കാറുകള്‍ക്ക് തകരാറുണ്ടെന്നായിരുന്നു ബക്കറിന്‍റെ നിലപാട്.
ഭൂമി ഇടപാട് മുടങ്ങിയതോടെ കാര്‍ തിരിച്ചുതരണമെന്നായി. രണ്ടു കാറുകളിലൊന്ന് തിരിച്ചുപിടിക്കാന്‍ സോളമന്‍ ഇറങ്ങിതിരിച്ചു. ജി.പി.എസ്. നോക്കി കാര്‍ എരുമപ്പെട്ടിയിലാണെന്ന് കണ്ടെത്തി. കാറിനു മുന്നില്‍ നിലയുറപ്പിച്ച സോളമനെയും കൊണ്ട് വണ്ടി മുന്നോട്ടു പോയി. ബോണറ്റില്‍ യുവാവ് വീണു കിടക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. വണ്ടി എരുമപ്പെട്ടി പൊലീസ് സ്റ്റേഷനു മുമ്പില്‍ നാട്ടുകാര്‍ തടഞ്ഞു. ബക്കറിനെ കയ്യോടെ കസ്റ്റഡിയിലെടുത്തു. സോളമന്‍റെ പരാതിയില്‍ ബക്കറിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തു. ബോണറ്റില്‍ നിന്ന് വീണിരുന്നെങ്കില്‍ യുവാവിന് അപായം സംഭവിക്കുമായിരുന്നു.