അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ.അജിത് കുമാറിനുള്ള ക്ലീൻ ചിറ്റ് നിലനിൽക്കും. ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ട് റദ്ദാക്കി തുടർനടപടിക്ക് ഉത്തരവിട്ട തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിജിലൻസ് കോടതി ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങളും ഹൈക്കോടതി റദ്ദാക്കി.
നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് റദ്ദാക്കി കൊണ്ടാണ് തുടർനടപടികൾക്ക് വിജിലൻസ് കോടതി ഉത്തരവിട്ടത്. എന്നാൽ പ്രോസിക്യൂഷൻ അനുമതിയില്ലാതെ വിജിലൻസ് കോടതിയുടെ തുടർനടപടി സാധുവല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതോടെ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ട് നിലനിൽക്കും. അതേസമയം, പരാതി റദ്ദാക്കണമെന്ന അജിത് കുമാറിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. പരാതിക്കാരന് പ്രോസിക്യൂഷൻ അനുമതി തേടി തുടർ നടപടി സ്വീകരിക്കാമെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ വ്യക്തമാക്കി.
വിജിലൻസ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചു. പരാമർശങ്ങൾ അനാവശ്യവും അനുചിതവുമെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. മുഖ്യമന്ത്രിക്ക് വിജിലൻസ് റിപ്പോർട്ട് എങ്ങനെ അംഗീകരിക്കാനാകും, എഡിജിപിക്കായി അദൃശ്യശക്തികൾ പ്രവർത്തിച്ചു എന്നീ പരാമർശങ്ങളാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രോസിക്യൂഷൻ അനുമതി തേടുമെന്നും, എന്നാൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പരാതിക്കാരൻ നെയ്യാറ്റിൻകര നാഗരാജു മനോരമ ന്യൂസിനോട് പ്രതികരിച്ചു
1994 മുതൽ 2024 വരെയുള്ള ഔദ്യോഗിക കാലയളവിൽ അജിത് കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി. എന്നാൽ മുൻ എംഎൽഎ പി.വി.അൻവർ മാധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങളാണ് പരാതിയായി ഉന്നയിച്ചിട്ടുള്ളതെന്നാണ് അജിത് കുമാർ വാദിച്ചത്.