വയനാട് അട്ടമല സ്വദേശിനിയും എട്ടുമാസം ഗർഭിണിയുമായ ആദിവാസി യുവതി ലക്ഷ്മിയെ കാണാതായി. യുവതി ഇന്നലെ വൈകുന്നേരം മുതൽ തിരികെ ഉന്നതിയിൽ എത്തിയിട്ടില്ലാത്തതിനെ തുടർന്ന് ഇന്ന് രാവിലെ വനം വകുപ്പും പൊലീസും സംയുക്തമായി വിപുലമായ തിരച്ചിൽ ആരംഭിച്ചു.
കാണാതായ ലക്ഷ്മി ഏറാട്ട് കുണ്ട എന്ന വനമേഖലയിൽ താമസിക്കുന്ന അഞ്ച് ആദിവാസി കുടുംബങ്ങളിൽ ഒരംഗമാണ്. ചൂരൽമലയിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. ഈ വിഭാഗത്തിൽപ്പെട്ട ആളുകൾ പതിവായി ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുന്നതിനും മറ്റുമായി വനത്തിൽ പോകാറുണ്ട്.
പതിവുപോലെ ഭക്ഷ്യവസ്തുക്കൾ തേടി വനത്തിലേക്ക് പോയ ലക്ഷ്മി ഇന്നലെ വൈകുന്നേരമായിട്ടും മടങ്ങിയെത്താതിരുന്നതിനെ തുടർന്നാണ് ആശങ്കയുണ്ടായത്. ഇന്ന് രാവിലെ ഉന്നതിയിൽ ഇവരെ കാണാതായതോടെ ബന്ധുക്കൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
നിലമ്പൂർ വനമേഖലയിലാണ് പ്രധാനമായും തിരച്ചിൽ നടക്കുന്നത്. സമീപത്തുള്ള ചാലിയാർ പുഴയുടെ തീരങ്ങളിലേക്കോ അല്ലെങ്കിൽ അതിനപ്പുറത്തേക്കോ യുവതി പോയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
കാണാതായ ലക്ഷ്മിക്ക് രണ്ട് മാസം മുൻപ് ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ സ്കാനിംഗ് അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു. പ്രത്യേക ശ്രദ്ധ നൽകേണ്ട സമയത്താണ് യുവതിയെ വനത്തിൽ കാണാതായത് . വനം വകുപ്പും പൊലീസും തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.