ഭയാനകമായ അവസ്ഥയ്ക്ക് ശേഷം ശബരിമല സന്നിധാനം ഇന്ന് ശാന്തം. കഴിഞ്ഞദിവസം ഓൺലൈൻ ബുക്കിങ് ചെയ്ത 36,000 പേരടക്കം 85,000 പേരേ ഇന്നലെ വന്നുള്ളൂ എന്ന് പൊലീസ് പറയുന്നു. നേരത്തെ തമ്പടിച്ചവരും കുറുക്കുവഴികളിലൂടെ വന്നവരും ആണ് ഇന്നലെ തിരക്ക് രൂക്ഷമാക്കിയത് എന്നാണ് വിലയിരുത്തൽ. എൻഡിആർഎഫ് സംഘവും സന്നിധാനത്ത് ചുമതല ഏറ്റു.
ശബരിമല സന്നിധാനത്തെയും പമ്പയിലെയും തിരക്ക് കുറഞ്ഞു. 10 മണിക്കൂറിലധികം ഇന്നലെ കാത്തുനിന്നവരാണ് ഇന്ന് രാവിലെ എത്തി ദർശനം നടത്തിയത്. മണിക്കൂറുകൾ കാത്തുനിന്ന് എത്തുമ്പോൾ പതിനെട്ടാം പടിയിൽ അടക്കമുള്ള പെരുമാറ്റത്തിൽ തീർത്ഥാടകർക്ക് പ്രതിഷേധമുണ്ട്.
ഇന്നലത്തെ ഭീകരമായ തിക്കുംതിരക്കും ഉണ്ടായതിന് പിന്നിൽ തലേ ദിവസം തമ്പടിച്ചവരും കുറുക്കുവഴി തേടിവരും എന്ന് പോലീസ് വിലയിരുത്തുന്നു. 70,000 ഓൺലൈൻ ബുക്കിങ്ങിൽ 36274 പേരാണ് ഇന്നലെ വന്നത്. ജനുവരി 10 വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്ത 27874 പേർ എത്തി. സ്പോട്ട് ബുക്കിങ്ങിലൂടെയും ആധാർ വഴിയും 18000 പേർ എത്തി. ആകെ 81547 പേരാണ് ആകെ പമ്പയിൽ നിന്ന് കയറിയത്.
അതേസമയം പമ്പയിലെ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ പൂർണ്ണമായും നിലയ്ക്കലേക്ക് മാറ്റി. മനോരമ ന്യൂസ് വാർത്തയെ തുടർന്ന് നിലയ്ക്കലെ കൗണ്ടറുകളുടെ എണ്ണം കൂട്ടി. സ്പോട്ട് ബുക്കിങ് 20000 മാത്രമാക്കും. മറ്റ് ദിവസങ്ങളിൽ ബുക്ക് ചെയ്തവർ എത്തിയാൽ കാത്തിരിക്കേണ്ടി വരും. നിയന്ത്രണങ്ങൾ വന്നതോടെ സന്നിധാനത്തെ ഭക്തർക്കും ആശ്വാസമായി. തിരക്കേറുന്ന സമയം പത്തനംതിട്ട, എരുമേലി ഇടത്താവളങ്ങളിൽ സ്വാമിമാരെ നിയന്ത്രിക്കാനാണ് തീരുമാനം. തൃശൂരിൽ നിന്നുള്ള 32 അംഗ എന്‍.ഡി.ആര്‍.എഫ് സംഘമാണ് സന്നിധാനത്ത് എത്തിയത്