ദർശനമാണോ, ജീവനാണോ പ്രധാനമെന്ന് ചിന്തിച്ചപ്പോൾ പന്ത്രണ്ട് മണിക്കൂർ നേരത്തെ കാത്തിരിപ്പിന് ശേഷം അവർ മലയിറങ്ങി. കന്നി സ്വാമിക്ക് പോലും അയ്യപ്പ ദർശനത്തിനുള്ള അവസരമുണ്ടായില്ലെന്ന് കരഞ്ഞിരിക്കുന്ന സമയം പൊലീസിന്‍റെ വിളിയെത്തി. ദർശനം കിട്ടാതെ ഒരാളും മടങ്ങരുത് ഞങ്ങൾ സഹായിക്കാമെന്ന ഉറപ്പുമായി. കല്ലമ്പലം സ്വദേശിനി ഗിരിജയും സംഘവും പൊലീസ് സഹായത്തോടെ വീണ്ടും മലകയറി അയ്യപ്പനെ കണ്ടു.
കരഞ്ഞ് കലങ്ങിയ കണ്ണുമായി കന്നി സ്വാമി നിരഞ്ജനും മുത്തശ്ശിയും നടന്ന് തളർന്ന് മടങ്ങാനുറച്ച് മാളികപ്പുറങ്ങളും. പന്ത്രണ്ട് മണിക്കൂറിലേറെ കാത്ത് നിന്നിട്ടും ദർശനം കിട്ടാത്ത സങ്കടം വീട്ടിലേക്ക് മടങ്ങാൻ നിലയ്ക്കലിലെത്തിയ സമയം അവർ പങ്കുവച്ചു.
ഈ സങ്കടം സന്നിധാനത്തുള്ള എഡിജിപി എസ്. ശ്രീജിത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടു. ഗിരിജയ്ക്കും കൂട്ടർക്കും പൊലീസിന്‍റെ വിളിയെത്തി. ദർശനം നേടാതെ നാട്ടിലേക്ക് മടങ്ങരുത്. ഞങ്ങൾ സഹായിക്കാം. അയ്യപ്പന്‍റെ വിളിയെന്ന് സന്തോഷ കണ്ണീരോടെ ഭക്തര്‍ വീണ്ടും യാത്ര തിരിച്ചു. ഹൃദയസംബന്ധമായ രോഗം വലയ്ക്കുന്ന അമ്മമാരെയും കൂടെയുള്ള സ്വാമിമാരെയും ആംബുലൻസിലാണ് വീണ്ടും പമ്പയിലെത്തിച്ചത്. പ്രത്യേക വാഹന സൗകര്യത്തിൽ ഒടുവിൽ സന്നിധാനത്തേയ്ക്കും. തിരക്കിൽ ദർശനം കിട്ടാതെ മടങ്ങിയവർ നിരവധിപേരുണ്ടെങ്കിലും ഇവർക്ക് കിട്ടിയത് അപൂർവ ഭാഗ്യമെന്ന് സ്വാമിമാർ.