മണ്ഡലകാലത്തേക്ക് വേണ്ട ഒരു മുന്നൊരുക്കവും സംസ്ഥാന സര്‍ക്കാര്‍ നടത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ശബരിമലയെ സര്‍ക്കാര്‍ കുഴപ്പത്തിലാക്കി. സ്വര്‍ണം കൊള്ളയടിച്ചവര്‍ മണ്ഡലകാലം വികലമാക്കിയെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പമ്പയില്‍ ചെന്ന് ഏകോപനം നടത്തിയിരുന്നു. ഈ സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തില്ല. കുടിവെള്ളവുമില്ല, ടോയ്ലറ്റിലും വെള്ളമില്ല, പമ്പ മുഴുവന്‍ മലിനമായെന്നും അദ്ദേഹം ആരോപിച്ചു. യുഎഡിഎഫ് സംഘം ശബരിമല സന്ദര്‍ശിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും സതീശന്‍ ആരോപിച്ചു. സംസ്ഥാനത്തെ ആരോഗ്യ–വിദ്യാഭ്യാസ മേഖലകള്‍ തകര്‍ന്നു. ആരോഗ്യരംഗം ഇതിനെക്കാള്‍ മോശമാകാന്‍ ഇല്ല. പഞ്ഞി പോലും കിട്ടാനില്ലെന്നും പ്രതിപക്ഷ നേതാവ് ചൂകുറ്റപ്പെടുത്തി. വിലക്കയറ്റത്തില്‍ 10 മാസമായി കേരളം നമ്പര്‍ വണ്‍ ആണെന്നും അദ്ദേഹം പരിഹസിച്ചു. മാലിന്യ പ്രശ്നം പറയാന്‍ പോലും വയ്യെന്നും മൂന്നരലക്ഷം പേരെയാണ് തെരുവുനായ കടിച്ചതെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള സ്ഥലത്തേക്ക് വിനോദസഞ്ചാരികള്‍ എങ്ങനെ വരുമെന്നും അദ്ദേഹം ചോദിച്ചു.