ശബരിമലയിലെ തിരക്കുനിയന്ത്രണത്തില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലല്ലോയെന്ന് കുറ്റപ്പെടുത്തിയ കോടതി ഏകോപനം പോരെന്നും ക്രമീകരണങ്ങള്‍ ശാസ്ത്രീയമാക്കണമെന്നും നിര്‍ദേശിച്ചു. ആറുമാസം മുന്‍പ് ഒരുക്കങ്ങള്‍ തുടങ്ങണമായിരുന്നു. ആളുകളെ തിരുകിക്കയറ്റിയിട്ട് എന്ത് കാര്യമാണുള്ളത്? ഭക്തരെ തള്ളി മാറ്റുന്നത് തെറ്റായ സമീപനമെന്നും വിര്‍ച്വല്‍ ക്യുവിന്‍റെ എണ്ണം കുറയ്ക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അഞ്ചോ ആറോ സെക്ടറുകളായി തിരിച്ച് ആളുകളെ നിയന്ത്രിക്കണമെന്നും ഓരോ സെക്ടറിലും എത്ര പേര്‍ക്ക് നില്‍ക്കാനാവുമെന്നതില്‍ വ്യക്തത വേണമെന്നും കോടതി പറഞ്ഞു. പൊലീസിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സന്നിധാനത്ത് ഒരുസമയം എത്രപേരെ ഉള്‍ക്കൊള്ളും? തീര്‍ഥാടകരെ ശ്വാസംമുട്ടിച്ച് മരണത്തിലേക്ക് തള്ളി വിടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ശബരിമലയില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും ആശങ്കാജനകമായ സാഹചര്യം സന്നിധാനത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാര്‍ മനോരമന്യൂസിനോട് പറഞ്ഞു. പാളിച്ച ഉണ്ടായിട്ടുള്ളത് പരിഹരിക്കും. ക്യൂ കോംപ്ലക്സ് ഫലപ്രദമായി വിനിയോഗിക്കും. ഇക്കാര്യം പൊലീസിനോട് സംസാരിച്ചിട്ടുണ്ടെന്നും ഏകോപനമില്ലെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.