സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ പേരില്‍ കടുത്ത സമ്മര്‍ദമാണെന്നും ബലിയാടാക്കുന്നുവെന്നും ബിഎല്‍ഒയുടെ വെളിപ്പെടുത്തല്‍. സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്നും ജോലി പോകുമെന്ന് ഭീഷണിപ്പടുത്തുന്നതായും ബിഎല്‍ഒമാരില്‍ ഒരാള്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. കലക്ടര്‍മാര്‍ക്ക് ക്രെഡിറ്റടിക്കാനാണ് ബിഎല്‍ഒമാരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതെന്നും കള്ളക്കണക്ക് നല്‍കാന്‍ സമ്മര്‍ദമുണ്ടെന്നും പുതിയ ടാര്‍ഗറ്റുകള്‍ നല്‍കുന്നുവെന്നും അദ്ദേഹം പറയുന്നു. 

അതിനിടെ ടാര്‍ഗറ്റ് തികയ്ക്കാത്തതിന് കലക്ടര്‍ ശാസിച്ചെന്ന് ആലപ്പുഴ ജില്ലയിലെ ബിഎല്‍ഒമാര്‍ . വാട്സാപ് ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച ശബ്ദസന്ദേശം പ്രചരിച്ചത്. എല്ലാ സൗകര്യങ്ങളും നല്‍കിയിരുന്നുവെന്നും എന്നിട്ടും മെല്ലെപ്പോക്കാണെന്നുമായിരുന്നു വിമര്‍ശനം. എന്നാല്‍ ചടങ്ങിനായി പണിയെടുക്കുന്നുവെന്ന് കലക്ടര്‍ പറഞ്ഞുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേസമയം, സംസ്ഥാനത്ത് 51,085 വോട്ടർമാരെ ഇനിയും കണ്ടെത്താനായില്ല. ഫോം വിതരണത്തിനിടെയാണ് ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ ഇത്തരം വോട്ടർമാരുടെ എണ്ണം കലക്ടർമാരെ അറിയിച്ചത്. ഇവരെ കണ്ടെത്താനും വിവരങ്ങൾ ശേഖരിക്കാനുമായി ബിഎൽഒ മാർ രാഷ്ട്രീയ പാർട്ടികളുടെ സഹായം തേടണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ ഖേൽക്കർ  നിർദ്ദേശിച്ചു. ബൂത്ത് ലെവൽ ഏജന്‍റുമാരുടെ അടിയന്തര യോഗം വിളിക്കണം. സ്ഥലം, മേൽവിലാസം മാറിയവർ, മരിച്ചവർ എന്നിവരാണ് കണ്ടെത്താനാവാത്തവരുടെ പട്ടികയിൽ ഉൾപ്പെട്ടത്.ആകെ വോട്ടർമാരുടെ 0.18 % ആണിതെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. 

ENGLISH SUMMARY:

A Booth Level Officer (BLO) in Kerala has made shocking revelations, alleging extreme pressure from collectors to submit false figures in the voter list revision for "credit." The officer claimed the situation is unbearable and staff are being threatened with job loss