യുഡിഎഫ് കോഴിക്കോട്ട് മേയര്‍ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച വി.എം.വിനുവിന്‍റെ പേര് ഇനി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നത് അസാധ്യം. ഈ മാസം 12വരെ സമയം അനുവദിച്ചിട്ടും വിനു അപേക്ഷ നല്‍കിയില്ല. സമയം കഴിഞ്ഞതിനാല്‍ പേര് ചേര്‍ക്കല്‍ അസാധ്യമെന്ന് തദ്ദേശ ജോയിന്‍റ് ഡയറക്ടര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ ജില്ലാകലക്ടര്‍ ഇന്ന് തീരുമാനമെടുക്കും. ഡിസിസി നേതൃത്വം നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയും പരിഗണിച്ചേക്കും.
2020ലെ വോട്ടർപട്ടികയിൽ ഉൾപ്പെടാതെ പോയ വി.എം.വിനു 2025 ലെ തിരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്നും തദ്ദേശ ജോയിന്‍റ് ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പ് നടപടികളിൽ വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ 2020ൽ എട്ടാം ഡിവിഷനായ മലാപറമ്പിലെ നാലാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തെന്നായിരുന്നു വി.എം.വിനുവിന്‍റെ വാദം.
എറണാകുളത്തേക്ക് യാത്ര തിരിക്കുന്നതിനു തൊട്ടുമുൻപ് രാവിലെ ബൂത്തിലെത്തിയാണ് അന്ന് ഭാര്യയ്‌ക്കൊപ്പം വോട്ട് രേഖപ്പെടുത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സ്ഥലം കൗൺസിലറായ കെ.പി.രാജേഷ് കുമാറും ഇതിനെ പിന്തുണച്ചിരുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് വി.എം. വിനു കഴിഞ്ഞയാഴ്ച ഹൈക്കോടതിയെ സമീപിച്ചിരുന്നു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇതിലെ ആവശ്യം.