ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് സുരക്ഷിതവും സുഗമവുമായ ദര്‍ശനം ഒരുക്കുന്നതിനായി എന്‍ഡിആര്‍എഫിന്‍റെ ആദ്യ സംഘം സന്നിധാനത്തെത്തി. തൃശൂരില്‍ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. ചെന്നൈയില്‍ നിന്നുള്ള രണ്ടാം സംഘം രാത്രിയോടെ പമ്പയിലെത്തും. 40 പേരാണ് ഈ സംഘത്തിലുള്ളത്. ഒന്നേകാല്‍ ലക്ഷത്തിലേറെപ്പേരാണ് ഇന്നലെ സന്നിധാനത്തെത്തിയത്. എന്നാല്‍ ഇവരില്‍ 87000 പേരുടെ എണ്ണം മാത്രമേ രേഖപ്പെടുത്താന്‍ കഴിഞ്ഞുള്ളൂ. ഇന്നലെ വൈകിട്ട് സന്നിധാനത്ത് എത്തിയവരാണ് ഇപ്പോള്‍ ദര്‍ശനം നടത്തുന്നത്. തീര്‍ത്തും ശാന്തവും സമാധാനപൂര്‍ണവുമാണ് നിലവിലെ സ്ഥിതിഗതികള്‍.

ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് പമ്പയിലെ സ്പോട്ട് ബുക്കിങ് പൂർണമായും നിലയ്ക്കലിലേക്ക് മാറ്റി. ഏഴ് കൗണ്ടറുകളാണ് ഇതിനായി തുറന്നിട്ടുള്ളത്. ഇരുപതിനായിരമാണ് നിലയ്ക്കലിലെ പരമാവധി സ്പോട്ട് ബുക്കിങ്. ഈ പരിധിയെത്തിയാല്‍ സ്പോട്ട് ബുക്കിങ് നിയന്ത്രിക്കും. ഡിസംബര്‍ 10 വരെ ഓണ്‍ലൈന്‍ ബുക്കിങ് ഒഴിവില്ലാത്തതിനാല്‍ സ്പോട്ട് ബുക്കിങ് കൂടുതലായി ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. 

അതിനിടെ സ്പോട്ട് ബുക്കിങിനെ ചൊല്ലി നിലയ്ക്കലില്‍ തര്‍ക്കമുണ്ടായി. ഏഴ് കൗണ്ടറുകള്‍ തുറക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അഞ്ച് കൗണ്ടറുകള്‍ മാത്രമാണ് തുറന്നതെന്നും മണിക്കൂറുകളായി കാത്ത് നില്‍ക്കുകയാണെന്നും ഭക്തര്‍ പറയുന്നു. പമ്പയില്‍ തീര്‍ഥാടകര്‍ കൂടുതല്‍ സമയം കാത്തുനില്‍ക്കുന്നത് ഒഴിവാക്കാനാണ് സ്പോട് ബുക്കിങ് നിലയ്ക്കലിലേക്ക് മാറ്റിയത്.  ഇന്നലെ ഉണ്ടായ അതിഗുരുതര സാഹചര്യത്തിന്‍റെ പശ്ചാത്തലത്തില്‍ കുറുക്കുവഴികളില്‍ തീര്‍ഥാടകര്‍ ഇറങ്ങാതെ ഇരിക്കാന്‍ നിരീക്ഷണം കര്‍ശനമാക്കും

ENGLISH SUMMARY:

NDRF teams from Thrissur arrive at Sabarimala after over 1.25 lakh pilgrims arrived yesterday, causing chaos. To manage the crowd, spot booking is shifted entirely to Nilakkal, limited to 20,000. Devotees at Nilakkal protested over insufficient booking counters.