കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തത്തിൽ പ്രതികരണവുമായി ഉടമ ഗോവിന്ദ കമ്മത്ത് രംഗത്തെത്തി. താൻ നിലവിൽ എറണാകുളത്താണെന്നും അപകടവിവരം അറിഞ്ഞയുടൻ കോഴിക്കോട്ടേക്ക് തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമികമായി കരുതുന്നതെന്നും എന്നാൽ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചയായതിനാൽ കടയിൽ തിരക്ക് കുറവായത് വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചുവെന്ന് ഗോവിന്ദ കമ്മത്ത് വ്യക്തമാക്കി. പുക കണ്ടയുടൻ തന്നെ ഉപഭോക്താക്കളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചുവെന്നും ആർക്കും പരിക്കുകളില്ലെന്നത് വലിയ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും മികച്ച രീതിയിലുള്ള രക്ഷാപ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് വർഷം മുൻപ് ഇതേ ഷോറൂമിൽ സമാനമായ രീതിയിൽ തീപിടുത്തം ഉണ്ടായ പശ്ചാത്തലത്തിൽ, ഇത്തവണയും ഷോർട്ട് സർക്യൂട്ട് തന്നെയാണോ കാരണമെന്ന ചോദ്യത്തിന് മറ്റ് സാധ്യതകൾ ഒന്നും നിലവിൽ കാണുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്കിലും അഗ്നിരക്ഷാ സേനയുടെയും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും പരിശോധനകൾ പൂർത്തിയായ ശേഷമേ കൃത്യമായ നിഗമനത്തിൽ എത്താൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.