കൊലപാതകക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന രണ്ട് തടവുകാര്‍ രാജസ്ഥാനിലെ ജോധ്പുര്‍ ജയിലില്‍ വിവാഹിതരായി. രാജസ്ഥാനിലെ നഗൗര്‍ സ്വദേശി മൂലാറാമും മുംബൈ സ്വദേശിനി സീമ ഘാഡ്സെയുമാണ് ഹൈക്കോടതി അനുമതിയോടെ മാണ്ഡോര്‍ ഓപ്പണ്‍ ജയിലില്‍ വച്ച് വരണമാല്യമണിഞ്ഞത്. പരമ്പരാഗത രാജസ്ഥാനി ചടങ്ങുകളോടെയായിരുന്നു വിവാഹം. കോടതി അനുവദിച്ച 21 അതിഥികളും ജയില്‍ ഉദ്യോഗസ്ഥരും ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുത്തു.
ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ തമ്മില്‍ ജയിലിനുള്ളില്‍ വിവാഹിതരാകുന്നത് രാജ്യത്ത് ആദ്യമാണ്. ഒഡിഷയിലെ കോരാപുട്ടിലെ ജേയ്പുര്‍ ജയിലില്‍ കഴിഞ്ഞയാഴ്ച രണ്ട് വിചാരണത്തടവുകാര്‍ വിവാഹിതരായിരുന്നു. ജയിൽ പരിഷ്കാരങ്ങളുടെയും കുറ്റവാളികളുടെ പുനരധിവാസത്തിന്റെയും ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പായാണ് അധികൃതർ ഈ അപൂർവ മംഗല്യത്തെ കാണുന്നത്.
ജയിലിനുള്ളിലെ പ്രണയകഥ: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ 2019 മുതല്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയാണ് സീമ. കര്‍ഷകനായിരുന്ന മൂലാറാം കുടുംബപ്രശ്നത്തിനിടെ അയല്‍വാസിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. ജയിലിലെ നല്ല പെരുമാറ്റം കണക്കിലെടുത്ത് ഇരുവരെയും മാണ്ഡോര്‍ ഓപ്പണ്‍ ജയിലിലേക്ക് മാറ്റി. ഇവിടെ വച്ചാണ് മൂലാറാമും സീമയും കണ്ടുമുട്ടിയതും പ്രണയത്തിലായതും. വിവാഹത്തിന് പരോള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതി ഓപ്പണ്‍ ജയില്‍ ക്യാംപില്‍ വച്ച് വിവാഹം നടത്താന്‍ നിര്‍ദേശിച്ചത്.
മഹാരാഷ്ട്രയിലുള്ള സീമയുടെ കുടുംബാംഗങ്ങൾക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. ജയിലിൽ സീമയുടെ സഹതടവുകാരിയായ സുഹൃത്തിന്റെ പിതാവ് രാധാകിഷൻ വഗേലയാണ് പിതാവിന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകള്‍ നടത്തിയത്. വിവാഹക്ഷണക്കത്തുകൾ അച്ചടിച്ചതും വഗേല കുടുംബമായിരുന്നു.
‘വിവാഹങ്ങൾ സ്വർഗ്ഗത്തിലാണ് നടക്കുന്നത് എന്നാണ് പറയാറുള്ളത്, എന്നാൽ ഞങ്ങളുടേത് ജയിലില്‍ വച്ചാണ് നടത്തേണ്ടിവന്നത്. സാധാരണ മനുഷ്യരാണ്. ഭാവിയിൽ ശിക്ഷയിൽ ഇളവ് ലഭിക്കുമെന്നും, മറ്റുള്ളവരെപ്പോലെ സമൂഹത്തിൽ ജീവിക്കാൻ സാധിക്കുമെന്നുമാണ് ഞങ്ങളുടെ പ്രതീക്ഷ.’ – മൂലാറാം പറഞ്ഞു. ജയിൽ വളപ്പിലെ ക്വാർട്ടേഴ്സിൽ നടന്ന വിവാഹത്തിന്റെ മുഴുവൻ ചെലവും മൂലാറാം തന്നെയാണ് വഹിച്ചത്.