മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ കേരളത്തിൽ റമസാൻ വ്രതാരംഭം മറ്റന്നാൾ ആയിരിക്കുമെന്ന് പ്രമുഖ ഖാസിമാർ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി സി മുഹമ്മദ് ഫൈസി, ഇബ്രാഹിം ഖലീല്‍ ബുഖാരി എന്നിവരാണ് തീരുമാനം അറിയിച്ചത്. തിരുവനന്തപുരം പാളയം ഇമാം ഡോ. സുഹൈബ് മൗലവിയും റമസാന്‍ വ്രതാരംഭം മറ്റന്നാള്‍ ആയിരിക്കുമെന്ന് അറിയിച്ചു. ഇതോടെ ശഅബാൻ 30 പൂർത്തിയാക്കിയ ശേഷമായിരിക്കും വിശ്വാസികൾ ഈ വർഷത്തെ വിശുദ്ധ മാസത്തിലേക്ക് പ്രവേശിക്കുന്നത്.
സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതോടെ യുഎഇ ഉൾപ്പെടെയുള്ള ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളിലും നാളെ വിശുദ്ധ റമദാൻ വ്രതാരംഭത്തിന് തുടക്കമാകും. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ വ്യാഴാഴ്ചയായിരിക്കും വ്രതാരംഭമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.