സീനിയോറിറ്റിയുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും പിന്നീട് ഹൈക്കമാന്‍ഡിന് വഴങ്ങുകയും ചെയ്ത രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന വകുപ്പ് നല്‍കാന്‍ കോണ്‍ഗ്രസില്‍ നീക്കം. അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹൈക്കമാന്‍ഡിന്‍റെ ഇടപെടല്‍ തേടാനാണ് മുതിര്‍ന്ന നേതാക്കളുടെ തീരുമാനം. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിക്കൊപ്പം നിന്നിട്ടും തന്നെ അവഗണിച്ചുവെന്നും മന്ത്രിസഭയുടെ ഭാഗമാകാന്‍ ഇല്ലെന്നും ചെന്നിത്തല ഇന്നലെ നേതൃത്വത്തെ അറിയിച്ചിരുന്നു.  മാധ്യമങ്ങളോട് പ്രതികരിക്കാന്‍ നില്‍ക്കാതെ അദ്ദേഹം ഗുരുവായൂരിലേക്ക് പോകുകയും ചെയ്തു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ചെന്നിത്തല, വി.ഡി.സതീശന് ആശംസകള്‍ നേരുകയും യുഡിഎഫ് പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു. 

ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹത്തിന്‍റെ അനുയായികള്‍. ധനകാര്യമോ ആഭ്യന്തരമോ ലഭിക്കുമെന്ന പ്രതീക്ഷയാണ് പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്. അതേസമയം, ഘടകകക്ഷികൾക്കുള്ള മന്ത്രിസ്ഥാനങ്ങളും വകുപ്പുകളും തീരുമാനിക്കാൻ യുഡിഎഫ് നേതൃയോഗം ഇന്ന് വൈകിട്ട് ചേരും. മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളുണ്ടായേക്കും. വ്യവസായം, വിദ്യാഭ്യാസം, തദ്ദേശം, പൊതുമരാമത്ത് ഉൾപ്പെടെ മുൻപ് കൈകാര്യം ചെയ്ത വകുപ്പുകൾ തന്നെ നൽകും. പൊതുമരാമത്ത് ആഗ്രഹിക്കുന്ന കേരളാ കോൺഗ്രസിനെ ജലവകുപ്പ് നൽകി തൃപ്‌തിപ്പെടുത്തിയേക്കും. തൊഴിൽ വേണ്ടെന്ന് അഭിപ്രായമുള്ള ഷിബു ബേബി ജോൺ ഫിഷറീസിലും ടൂറിസത്തിലുമാണ് ഉറ്റുനോക്കുന്നത്.

സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സ്പീക്കര്‍ സ്ഥാനം വേണ്ടെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണു മനോരമ ന്യൂസിനോട്.  ആര്‍എംപി മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം നാട് മുഴുവന്‍ എത്തിക്കേണ്ട ആളാണ് കെ.കെ. രമ എംഎല്‍എ. സ്പീക്കര്‍ ആയാല്‍ വാ മൂടി കെട്ടി മുന്നോട്ട് പോകേണ്ടി വരും. ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് പാര്‍ട്ടിക്കുണ്ട്. കെ.കെ.രമ മന്ത്രിയാകണമെന്ന തരത്തില്‍ പൊതുസമൂഹത്തില്‍ ഉയര്‍ന്നുവച്ച ചര്‍ച്ചകള്‍ സ്വാഭാവികമാണെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും എന്‍.വേണു പറഞ്ഞു. 

വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള കേരളത്തിന്റെ പുതിയ സർക്കാർ തിങ്കളാഴ്ച  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയ് , കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ , ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി എന്നിവർ പങ്കെടുക്കും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഗുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ജയറാം രമേശ് കെ.സി. വേണുഗോപാൽ എന്നിവരുമെത്തും. സർക്കാർ രൂപീകരിക്കാൻ വി.ഡി സതീശനെ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം ഇന്ന് ലോക് ഭവൻ പുറപ്പെടുവിക്കും. 

ENGLISH SUMMARY:

The Congress leadership is making vigorous efforts to appease Ramesh Chennithala by offering him a key portfolio like Finance or Home in the new VD Satheesan-led cabinet. Despite his initial reluctance to join the ministry, supporters remain hopeful after he offered well-wishes to Satheesan following a visit to the Guruvayur temple. Meanwhile, a UDF meeting scheduled for this evening will finalize the ministerial berths for allies, with the Muslim League expected to secure five positions. Notably, RMP has declined the Speaker post for KK Rema, preferring her to stay active in open political discourse. The grand swearing-in ceremony is set for Monday, with prominent leaders including Tamil Nadu CM Vijay and Rahul Gandhi expected to attend.