കോഴിക്കോട് നഗരമധ്യത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്‌സിൽ വൻ തീപിടിത്തം. വൈകിട്ട് ആറുമണിയോടെ ഉണ്ടായ അപകടത്തിൽ ഷോറൂമിന്റെ രണ്ട് നിലകൾ പൂർണ്ണമായും കത്തിനശിച്ചു. വസ്ത്രങ്ങളും ഫർണിച്ചറുകളും ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പത്തോളം അഗ്നിരക്ഷാ യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

കെട്ടിടത്തിന്റെ ഗോഡൗൺ ഭാഗത്തുനിന്നാണ് ആദ്യം പുക ഉയർന്നതെന്ന് ജീവനക്കാർ പറഞ്ഞു. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നുവെങ്കിലും ഷോറൂമിലുണ്ടായിരുന്ന ഉപഭോക്താക്കളെയും ജീവനക്കാരെയും ഉടനടി സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ ആളപായം ഒഴിവായി. കെട്ടിടത്തിന്റെ മുകൾനിലകളിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ ഉരുകി താഴേക്ക് വീഴുന്ന ഭയാനകമായ ദൃശ്യങ്ങളാണ് രക്ഷാപ്രവർത്തനത്തിനിടെ കണ്ടത്. തുടക്കത്തിൽ മൂന്ന് യൂണിറ്റുകൾ എത്തിയെങ്കിലും തീ പടർന്നതോടെ കൂടുതൽ യൂണിറ്റുകളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് വില്ലനായതെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് വർഷം മുൻപ്, 2023-ലും ഇതേ വസ്ത്രശാലയിൽ സമാനമായ രീതിയിൽ വലിയ തീപിടിത്തം ഉണ്ടായിരുന്നു. അന്നും ഷോർട്ട് സർക്യൂട്ട് തന്നെയായിരുന്നു അപകടകാരണം.

ENGLISH SUMMARY:

Jayalakshmi Silks fire in Kozhikode caused significant damage to the prominent textile showroom. The fire, suspected to be caused by a short circuit, quickly engulfed two floors of the building, leading to substantial losses of garments and interiors.