കോണ്‍ഗ്രസ് വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച് സിപിഎം. സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍ക്ക് പിന്നാലെയായിരുന്നു പ്രഖ്യാപനം. പാര്‍ട്ടി കോട്ടകളിലെ വിള്ളല്‍ സംഘടനപരമായ പാളിച്ചയാണെന്നും പുനസംഘടന വേണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നു. 

തിരഞ്ഞെടുപ്പിലെ തോല്‍വി പിണറായിക്കെതിരായ വികാരമല്ലെന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തലന് പിന്നാലെയാണ് പിണറായി വിജയനെ തന്നെ പ്രതിപക്ഷ നേതാവാക്കാന്‍ സിപിഎം തീരുമാനിച്ചത്. പാര്‍ട്ടിയെ കരുത്തോടെ പ്രതിപക്ഷത്ത് നയിക്കാന്‍ പിണറായി തന്നെ വേണമെന്ന് സംസ്ഥാന സമിതിയിലും ആവശ്യമുയര്‍ന്നിരുന്നു. പിണറായി പ്രതിപക്ഷ നേതാവാക്കിയില്ലെങ്കില്‍ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്തം പിണറായിക്കാണെന്ന് പാര്‍ട്ടി സമ്മതിച്ചതിന് തുല്യമാകും എന്നതും തീരുമാനത്തിന് കാരണമാണ്.  

പ്രതിപക്ഷ നേതാവിനെ പിന്നെ തീരുമാനിച്ചാല്‍ മതിയെന്നായിരുന്നു ആലോചനയെങ്കിലും മുഖ്യമന്ത്രി പ്രഖ്യാപനം വന്നതോടെ പിബി , കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നു. പ്രതിപക്ഷ ഉപനേതാവിനെക്കുറിച്ച് പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചയായില്ല. പിണറായിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുമ്പോഴും തിരഞ്ഞെടുപ്പ് പരാജയത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സംസ്ഥാന സമിതിയിലുണ്ടായത്. 

പാര്‍ട്ടി കോട്ടകളിലെ പരാജയത്തില്‍ നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംസ്ഥാന സമിതിയില്‍ പ്ലീനം വിളിക്കണമെന്ന ആവശ്യമുയര്‍ന്നു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ പുനസംഘടന വേണമെന്ന അസാധാരണ ആവശ്യവും സംസ്ഥാന സമിതിലുണ്ടായി. വിമര്‍ശനങ്ങള്‍ പിണറായി വിജയനും എം.വി.ഗോവിന്ദനും കുറിച്ചെടുത്തെങ്കിലും സംസ്ഥാന സമിതിയില്‍ മറുപടി പറഞ്ഞില്ല. ബ്രാഞ്ച് തലം വരെയുള്ള വിലയിരുത്തലുകള്‍ക്ക് ശേഷം ജൂണില്‍ പാര്‍ട്ടി നേതൃയോഗം വീണ്ടും ചേരും. 

ENGLISH SUMMARY:

Pinarayi Vijayan has been selected as the opposition leader by the CPM. This decision comes after his tenure as Chief Minister for ten years and marks his first time taking on the role of opposition leader.