തദ്ദേശതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മൂന്നുദിവസം ശേഷിക്കെ മലപ്പുറം പാണക്കാട് തിരക്കോട് തിരക്ക്. വിവിധ പാര്‍ട്ടികള്‍ വിട്ട് ലീഗില്‍ ചേരുന്നവരും തര്‍ക്കം തീര്‍ക്കാനെത്തുന്നവരുമെല്ലാം മുസ്്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീടിന്‍റെ മുറ്റം നിറഞ്ഞിരിക്കുകയാണ്
പാണക്കാട് എത്തിയാല്‍ വീടിന്‍റെ വരാന്തയിലും മുറ്റത്തുമെല്ലാം ഒാരോ ഭാഗത്തും ഒാരോ ചടങ്ങുകള്‍ നടക്കുന്ന തിരക്കാണ്.സിപിഎം വിട്ട് ലീഗില്‍ ചേര്‍ന്ന മാറാക്കര ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കല്ലന്‍ മനാഫ് അടക്കമുളളവര്‍ക്ക് ലീഗ് അംഗത്വം നല്‍കി സ്വീകരിച്ചു.പിന്നാലെ ലീഗ് സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു.
സ്ഥാനാര്‍ഥി പ്രഖ്യാപനം പാണക്കാട് മുറ്റത്തുവച്ച് നടത്താന്‍ എത്തുന്ന പഞ്ചായത്ത്,മുനിസിപ്പല്‍ കമ്മിറ്റികളുമുണ്ട്.നാമനിര്‍ദേശ പത്രികക്കൊപ്പം കെട്ടിവയ്ക്കാനുളള തുക പാണക്കാട് തങ്ങളില്‍ നിന്ന് വാങ്ങാന്‍ കാത്തിരിക്കുന്നവരുമുണ്ട്.
തര്‍ക്കം പരിഹരിക്കാനായി രണ്ടു വിഭാഗങ്ങളായി ചേരി തിരിഞ്ഞ് മറ്റു ജില്ലകളില്‍ നിന്നുപോലും നേതാക്കളും പ്രവര്‍ത്തകരും എത്തുന്നുണ്ട്.താരതമ്യേന ഇപ്രാവശ്യം തര്‍ക്കങ്ങളും പ്രശ്നങ്ങളും കുറവാണന്നാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നത്.