തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ. പത്തു ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കി. സന്നിധാനത്തും പമ്പയിലും നിലക്കലിലും മഴലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടിമിന്നലിനും ഇടയുണ്ട്. കന്യാകുമാരിക്ക് മുകളിലെ ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ കനത്തത്.
കൊച്ചിയിൽ കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട്. കനത്ത മഴ ഒന്നരമണിക്കൂറിലേറെ നീണ്ടു. സൗത്ത് റെയിൽവേ സ്റ്റേഷൻ, ഇടപ്പള്ളി ടോൾ, പേട്ട, പനമ്പിള്ളി നഗർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായിരുന്നു വെളളക്കെട്ട്. മഴ തോർന്നതോടെ ഭൂരിഭാഗം സ്ഥലങ്ങളിലും വെള്ളം താഴ്ന്നു. സൗത്ത് റെയിൽവേ സ്റ്റേഷനിലെ വെള്ളകെട്ട് ശബരിമല തീർത്ഥാടകർക്കും യാത്രക്കാർക്കും ദുരിതമായി.
മഴക്കൊപ്പമെത്തിയ കാറ്റിൽ മലപ്പുറം വണ്ടൂരിലെ ജില്ല കലോൽസവത്തിന്‍റെ ഊട്ടുപുരയുടെ പന്തലിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. ആറായിരം പേർക്ക് ഇരുന്നു കഴിക്കാവുന്ന പന്തലാണ് തകർന്നത്. വണ്ടൂർ വി.എം സി മൈതാനത്താണ് ഊട്ടുപുര പ്രവർത്തിക്കുന്നത്. കലോത്സവത്തിൽ നാളത്തെ ഭക്ഷണ വിതരണവും പ്രതിസന്ധിയിലാണ്.