തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴുജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ അഞ്ചുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയും മറ്റന്നാളും കേരള–ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് കടലില്‍പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിന് ഇടയുണ്ട്. ഇടിമിന്നല്‍ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാത ചുഴി ന്യൂനമര്‍ദമായി മാറാനിടയുള്ളതിനാല്‍ അതിന്‍റെ സ്വാധീനത്തില്‍ കേരളത്തില്‍ മഴകുട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
ഒക്ടോബർ മുതൽ ജനുവരിവരെ നീളുന്ന വടക്കു കിഴക്കൻ വർഷകാലം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലയായിരുന്നു മലപ്പുറം. തുലാ മാസമെന്നും അറിയപ്പെടുന്ന ഇക്കാലയളവിൽ ജില്ലയിൽ സാധാരണ ലഭിക്കുന്നത് 459.8 മി.മീറ്റർ മഴയാണ്. എന്നാൽ, ഇത്തവണ ലഭിച്ചതാകട്ടെ 306.5 മി.മീറ്റർ മഴ. മഴക്കുറവ് 33%. സംസ്ഥാനത്താകെ കണക്കെടുത്താൽ മഴക്കുറവ് 21% ആണ്. ഇനി വേനൽ മഴയിലാണ് ജില്ലയുടെ പ്രതീക്ഷ.
വരുമോ വരൾച്ച?
ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന തെക്കുപടിഞ്ഞാറൻ മഴക്കാലത്തും ഇത്തവണ ജില്ലയിൽ വലിയ മഴക്കുറവ് അനുഭവപ്പെട്ടിരുന്നു. തുലാമാസം കൂടി ചതിച്ചതോടെ അടുത്ത വേനലിൽ ജില്ല ശുദ്ധജല ക്ഷാമം നേരിടുമോയെന്ന ആശങ്കയുയർന്നിട്ടുണ്ട്. തെക്കു പടിഞ്ഞാറൻ മഴക്കാലത്ത് ജില്ലയിൽ സാധാരണയായി ലഭിക്കേണ്ടത് 1956 മി.മീറ്റർ മഴയാണ്.
ഇത്തവണ ലഭിച്ചതാകട്ടെ, 1420 മി.മീറ്റർ. മഴക്കുറവിന്റെ ശതമാനം 27. തെക്കു പടിഞ്ഞാറൻ മഴക്കാലത്ത് വയനാട് (36), ഇടുക്കി (35) ജില്ലകൾക്കു പിന്നിൽ മഴക്കുറവിൽ മൂന്നാം സ്ഥാനത്താണ് മലപ്പുറം. സംസ്ഥാനത്ത് ആകെ മഴക്കുറവ് 13% മാത്രമായിരിക്കെയാണ് ജില്ലയിൽ ഇതിന്റെ ഇരട്ടിയിലേറെ മഴക്കുറവ് രേഖപ്പെടുത്തിയത്.
വടക്ക് മഴ കുറവ്
ലഭിക്കേണ്ട മഴയുടെ 80% വരെ ലഭിച്ചാൽ അതു സാധാരണ മഴക്കാലമായാണ് രേഖപ്പെടുത്തുക. മഴക്കുറവ് 20 ശതമാനത്തിനു മുകളിലാണെങ്കിലാണു മഴക്കമ്മിയാണ് കണക്കാക്കുന്നത്. ഇതുപ്രകാരം കാസർകോട് ഒഴികെയുള്ള വടക്കൻ ജില്ലകളിലെല്ലാം ഇത്തവണ തുലാവർഷത്തിൽ മഴ കുറവാണ്. കൊല്ലവും ഇടുക്കിയുമൊഴികെയുള്ള തെക്കൻ ജില്ലകളിൽ സാധാരണ രീതിയിൽ മഴ ലഭിക്കുകയും ചെയ്തു. കേരളത്തിൽ ലഭിക്കേണ്ട മഴയുടെ 60–70% വരെ തെക്കു പടിഞ്ഞാറൻ കാല വർഷത്തിലും 20%വരെ വടക്കു കിഴക്കാൻ കാലവർഷത്തിലുമാണ് ലഭിക്കുന്നത്.